താഴേക്കാട്ട് മാലിന്യ സംസ്കരണ പദ്ധതി ഉപേക്ഷിച്ചു
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നുമുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് വേർതിരിക്കുന്നതിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറർ നിർമ്മിക്കാനായിരുന്നു പദ്ധതി.
തൃശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട താഴേക്കാട്ട് പ്രദേശത്ത് നടപ്പാക്കാനുദ്ദേശിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി ഉപേക്ഷിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജോജോ അറിയിച്ചു. താഴേക്കാട് കമ്യൂണിറ്റി ഹാൾ പരിസരത്ത് ഇതിനായി കെട്ടിടം നിർമ്മിക്കുന്നതിനായി പണി ആരംഭിച്ചെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്നാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നുമുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് വേർതിരിക്കുന്നതിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറർ നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ പൗരസമിതി രൂപവത്‌കരിച്ച് പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ചേർന്ന സർവകക്ഷി യോഗത്തിലാണ് പദ്ധതി ഉപേക്ഷിക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്.
നിലവിൽ പതിനാറാം വാർഡിലെ മാലിന്യങ്ങൾ താഴേക്കാട് കമ്യൂണിറ്റി ഹാൾ പരിസരത്ത് ശേഖരിച്ചിരുന്നു. എന്നാൽ എല്ലാ വാർഡുകളിലെയും മാലിന്യം ഇവിടേക്ക് കൊണ്ടുവരുന്നത് പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ആക്ഷേപം.
പ്രതിഷേധം കണക്കിലെടുത്ത് ഈ വാർഡിലെ മാത്രം മാലിന്യശേഖരണത്തിനായി ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കാനും ഗ്രാമപഞ്ചായത്തിലെ മറ്റ് കേന്ദ്രങ്ങളിൽക്കൂടി ഇത്തരത്തിൽ യൂനിറ്റുകൾ സ്ഥാപിക്കാനും കഴിഞ്ഞ ദിവസത്തെ അടിയന്തര ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായും പ്രസിഡൻ്റ് അറിയിച്ചു.