ഏലാത്തോടിന് കുറുകെ സഞ്ചാരയോഗ്യമായ പാലം നിർമിക്കണമെന്ന് നാട്ടുകാർ
കനാൽ റോഡിൽ നിന്നും തോടിന് അപ്പുറവും ഇപ്പുറവുമായ അരക്കിലോമീറ്റർ റോഡാണ് യാഥാർത്ഥ്യമാകേണ്ടിയിരുന്നത്. രണ്ട് വർഷം മുമ്പ് അതും യാഥാർത്ഥ്യമായി.
മാള: കുഴൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൊച്ചുകടവ് മനക്കപ്പടിയിൽ നിന്നും പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പൂവ്വത്തുംങ്ങലിലേക്ക് റോഡും പാലവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനങ്ങളുടെ ഇക്കാര്യത്തിലുള്ള ആവശ്യത്തിന് നേരെ പുറം തിരിഞ്ഞ് നില്‍ക്കുകയാണ് ജനപ്രതിനിധികളെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം.
ഒട്ടനവധി ശ്രമങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് ഒരുവശത്ത് റോഡായത്. തൃശ്ശൂർ ജില്ലയുടെ ഭാഗത്താണ് നാല് വര്‍ഷത്തോളം മുമ്പ് റോഡ് വന്നത്. മനക്കപ്പടിയിൽ നിന്നും കനാലിനരികിലൂടെയുള്ള റോഡ് ദലിത് കോളനിയിലൂടെ കോളനിയുടെ അതിർത്തി വരെ മാത്രമാണ് നിലവിൽ ഉള്ളത്. അതുപോലെ എറണാകുളം ജില്ലയിലെ പാറക്കടവ് ഗ്രാമപഞ്ചായത്തിലെ 12 ാം വാർഡിലുള്ള പൂവ്വത്തുങ്ങൽ നിന്നും ഏലാത്തോടിന് ഇരുന്നൂറ് മീറ്റർ അകലെ വരെയുള്ള റോഡും യാഥാർത്ഥ്യമായിരുന്നു.
കനാൽ റോഡിൽ നിന്നും തോടിന് അപ്പുറവും ഇപ്പുറവുമായ അരക്കിലോമീറ്റർ റോഡാണ് യാഥാർത്ഥ്യമാകേണ്ടിയിരുന്നത്. രണ്ട് വർഷം മുമ്പ് അതും യാഥാർത്ഥ്യമായി. മൂന്ന് വർഷം മുമ്പ് തൃശ്ശൂർ ജില്ലയിലെ റോഡിൽ ടൈലുകൾ പാകി. എറണാകുളം ജില്ലയിലെ ഇരുന്നൂറ് മീറ്ററോളം ഭാഗത്ത് റോഡിനായി സ്ഥലം വിട്ട് കൊടുത്തിട്ടുമുണ്ട്. റോഡുകൾ യാഥാർത്ഥ്യമായാലും നിലവിൽ ഏലത്തോടിന് കുറുകെയുള്ള പാലത്തിലൂടെ ബൈക്കുകൾ പോലും സുഗമമായി കടന്നു പോകാത്ത അവസ്ഥയിലാണ്.
വർഷങ്ങൾക്ക് മുമ്പ് നടന്നു പോകാനുള്ള പാലം മാത്രമാണ് പണിതത്. അതിന് പകരം വാഹനങ്ങൾക്കും സഞ്ചാരയോഗ്യമായ പുതിയൊരു പാലം യാഥാർത്ഥ്യമയാലേ ജനങ്ങൾക്ക് ഉപകാരപ്രഥമാകൂ. നിലവിൽ ബൈക്കുകൾ വളരെയേറെ ക്ലേശിച്ചാണ് പാലത്തിലൂടെ കൊണ്ടുപോകുന്നത്. ഇത്തരം സാഹചര്യത്തിലും നിരവധി ആളുകളാണ് നിത്യേന ഇതിലൂടെ കടന്നു പോകുന്നത്. മറ്റ് വഴികളേക്കാൾ എളുപ്പ വഴിയായതാണ് ദുരിതവും അപകട ഭീഷണിയും അവഗണിച്ച് ആളുകൾ ഇതിലൂടെ പോകുന്നത്.
എരവത്തൂർ, കുഴൂർ, കൊച്ചുകടവ്, കുണ്ടൂർ തുടങ്ങി നിരവധിയിടങ്ങളിൽ നിന്നും പൂവ്വത്തുങ്ങൽ, പാറക്കടവ്, പൂവ്വത്തുശ്ശേരി, അന്നമനട, ചാലക്കുടി തുടങ്ങിയ നിരവധിയിടങ്ങളിലേക്ക് ഏറ്റവും എളുപ്പ വഴിയാണിത്. പൂവ്വത്തുശ്ശേരി, പാലിശ്ശേരി തുടങ്ങിയിടങ്ങളിലുള്ള സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ വളരെയേറെ ക്ലേശം സഹിച്ചാണ് പോയിക്കൊണ്ടിരിക്കുന്നത്.
തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. അതുപോലെതന്നെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എയും അങ്കമാലി നിയോജക മണ്ഡലം എംഎല്‍എയും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന ആവശ്യം നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്.