മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് കടക്ക് തീപിടിച്ചു
വ്യാഴാഴ്ച രാത്രി 7.45ഓടെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
കോഴിക്കോട്: മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് കടയിൽ തീപിടിത്തം. മലാപ്പറമ്പ് മജസ്റ്റിക് ബിൽഡിങ്ങിലെ എസ്ആർ മൊബെൽസ് ആന്‍റ് ആക്സസറീസ് എന്ന കടയിലാണ് തീപിടിച്ചത്. റിപ്പയറിങിനായി സൂക്ഷിച്ച മൊബൈൽ ഫോണുകളും സംഗീത ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വ്യാഴാഴ്ച രാത്രി 7.45ഓടെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പൂട്ട് പൊളിച്ച് അകത്തുകടന്ന അഗ്നിരക്ഷാസേന തീകെടുത്തുകയായിരുന്നു. ഉടമയായ സിവിൽസ്റ്റേഷൻ സ്വദേശി ബവീഷ് ഏഴുമണിയോടെ കട പൂട്ടി പോയിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യുട്ടല്ല അപകടകാരണമെന്നും ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു. അസി. സ്റ്റേഷൻ മാസ്റ്റർ അബ്ദുൽ ഫൈസി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.