സ്റ്റീൽ കമ്പനിയിൽ നിന്ന് മാലിന്യം ഒഴുക്കുന്നു; ചെന്തുരുത്തി ചാലിൽ വെള്ളത്തിന് കറുപ്പ് നിറം
പാെയ്യ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിലാണ് സ്റ്റീൽ നിർമ്മാണ കമ്പനിയായ മലയാളം സ്റ്റീൽ സ്ഥിതി ചെയ്യുന്നത്.
സലീം എരവത്തൂർ
മാള: കൃഷ്ണൻകോട്ട പുഴയുമായി ചേരുന്ന ചെന്തുരുത്തി ചാലിൽ വെള്ളത്തിനുണ്ടായ കറുപ്പ് നിറം വ്യാപിക്കുന്നത് തടയാൻ നടപടിയായില്ല. നിറവ്യത്യാസത്തിന് കാരണം മലിനീകരണമാണെന്നാണ് ആക്ഷേപം. സമീപത്തുള്ള വ്യവസായ സ്ഥാപനത്തിൽ നിന്നും വൻതോതിൽ പുഴയിലേക്ക് രാസമാലിന്യങ്ങൾ തള്ളുന്നതായി ആക്ഷേപം ഉണ്ട്.
മലിനീകരണം തടയാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിനെതിരേ ജനരോഷം ശക്തമാവുകയാണ്. പാെയ്യ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിലാണ് സ്റ്റീൽ നിർമ്മാണ കമ്പനിയായ മലയാളം സ്റ്റീൽ സ്ഥിതി ചെയ്യുന്നത്. മാള ചാലിൽ നിന്ന് ഉത്ഭവിച്ച് കടന്ന് പോകുന്ന ജലസ്രോതസ്സാണ് കമ്പനിക്ക് സമീപമുള്ള ചെന്തുരുത്തി ചാൽ.
വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ അനുമാനിക്കുന്നത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കമ്പനി പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടതാണെന്ന് ജനങ്ങള്‍ ആക്ഷേപിക്കുന്നു. അടിയന്തിര പരിഹാരമുണ്ടാകണമെന്ന് നാട്ടുകാർ പാെയ്യ ഗ്രാമപഞ്ചായത്ത്, ജില്ലാ കലക്ടര്‍ എന്നിങ്ങനെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഗ്രാമപഞ്ചായത്തിന് പരാതി നൽകിയാൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് വെള്ളം പരിശോധനക്കായി ശേഖരിക്കും. ഇതിന് അധികൃതർ തയാറായിട്ടില്ല. കടുത്ത കുടിവെള്ളക്ഷാമമാണ് പരിസര പ്രദേശത്തുള്ളത്. ചാൽ മലിനമാവുന്നത് കുടിവെള്ള സ്രാേതസ്സിനെയും ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.