ജാമിഅ മില്ലിയ സംഘര്‍ഷം: 10 പേര്‍ അറസ്റ്റില്‍; വിദ്യാര്‍ഥികളില്ലെന്ന് പോലിസ്
സര്‍വകലാശാലയുടെ അതിര്‍ത്തിയായ ജാമിഅ, ഓഖ്‌ല പ്രദേശങ്ങളില്‍നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേരെ പോലിസ് അറസ്റ്റുചെയ്തു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയൊന്നും അറസ്റ്റുചെയ്തിട്ടില്ലെന്നും പിടിയിലായവരെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നുമാണ് പോലിസിന്റെ വിശദീകരണം. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലിസ് പറയുന്നു. സര്‍വകലാശാലയുടെ അതിര്‍ത്തിയായ ജാമിഅ, ഓഖ്‌ല പ്രദേശങ്ങളില്‍നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്.
ഞായറാഴ്ച പൗരത്വഭേദഗതി നിയമത്തിനെതിരേ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. വാഹനങ്ങള്‍ കത്തിച്ചതിന് പിന്നില്‍ പോലിസാണെന്ന് വ്യക്തമാവുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പോലിസുകാര്‍തന്നെ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളാണ് പുറത്തുവിട്ടത്. കാംപസില്‍ അതിക്രമിച്ച് കടന്ന പോലിസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റുചെയ്യുകയുമുണ്ടായി.
കോളജ് ഹോസ്റ്റലിലും ലൈബ്രറിയിലും പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെയാണ് പോലിസ് മര്‍ദിക്കുകയും നൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലിസ് ആസ്ഥാനത്തും രാജ്യത്ത് വ്യാപകമായും പ്രതിഷേധം അലയടിച്ചു. ഇതോടെയാണ് വിദ്യാര്‍ഥികളെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്. അതിനിടെ, മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പോലിസ് വെടിവയ്പ്പില്‍ പരിക്കേറ്റതായുള്ള റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.