കാംപസുകളിലെ പോലിസ് അതിക്രമം:കേസ് പരിഗണിക്കാതെ ഡല്‍ഹി ഹൈക്കോടതി,'ഷെയിം ഷെയിം' വിളികളോടെ അഭിഭാഷകര്‍
ഈ മാസം 15ന് അനുമതിയില്ലാതെ കാംപസുകളില്‍ അതിക്രമിച്ച് കയറി ഡല്‍ഹി പോലിസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി യാണ് കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി വച്ചത്.
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് അറസ്റ്റില്‍നിന്നും ബലപ്രയോഗത്തില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചില്ല. ഈ മാസം 15ന് അനുമതിയില്ലാതെ കാംപസുകളില്‍ അതിക്രമിച്ച് കയറി ഡല്‍ഹി പോലിസ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി യാണ് കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി വച്ചത്.
കേസ് മാറ്റിവച്ചതായി അറിയിച്ച് ജഡ്ജുമാര്‍ എഴുന്നേറ്റതോടെ ഹരജിക്കാരുടെ അഭിഭാഷകരും മറ്റുള്ളവരും ഷെയിം ഷെയിം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും പോലിസിനും ഹൈക്കോടതി നോട്ടിസയച്ചു. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലാണ് വിശദീകരണം തേടി നോട്ടീസയച്ചത്.
ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, സി ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നേരത്തേ, കാംപസുകളിലെ അതിക്രമവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി തള്ളുകയും ഹൈക്കോടതികളെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.