ജാമിഅയിലെ പോലിസ് അതിക്രമം: മാര്‍ച്ച് 16നകം റിപോര്‍ട്ട് നല്‍കാന്‍ പോലിസിന് നിര്‍ദേശം നല്‍കി ഡല്‍ഹി കോടതി
പോലിസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് നൂറുകണക്കിന് ജാമിഅ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ നജ്മ അക്തറിന്റെ ഓഫിസ് ഉപരോധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ 15ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലുണ്ടായ പോലിസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച്് മാര്‍ച്ച് 16നകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി കോടതി പോലിസിന് നിര്‍ദേശം നല്‍കി. പോലിസിനെതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ (എഫ്‌ഐആര്‍) തേടി സര്‍വകലാശാല അധികൃതര്‍ കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രജത് ഗോയല്‍ ഈ നിര്‍ദ്ദേശം നല്‍കിയത്.
പോലിസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് നൂറുകണക്കിന് ജാമിഅ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ നജ്മ അക്തറിന്റെ ഓഫിസ് ഉപരോധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഡിസംബര്‍ 15ന് പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സര്‍വകലാശാലയ്ക്കു സമീപംവച്ച് അക്രമാസക്തമാവുകയും പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തിരുന്നു. ബസ്സുകള്‍ അഗ്നിക്കിരയാവുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസ്സുകള്‍ അഗ്നിക്കിരയാക്കിയത് പോലിസാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഇതിനിടെ, കാംപസിനകത്തേക്ക് അനുമതിയില്ലാതെ അതിക്രമിച്ച് കയറിയ പോലിസ് കണ്ണില്‍കണ്ടവരെയൊക്കെ ഭീകരമായി മര്‍ദ്ദിക്കുകയും കാംപസിനകത്ത് നരനായാട്ട് നടത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്ത പോലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ വിവിധ കാംപസുകളിലേക്ക് പടരുകയും വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തുടരുകയുമാണ്.