ഉദയനിധിയുടെ തല കൊയ്യാന്‍ 10 കോടി; സന്യാസിക്കെതിരെ മധുര പോലിസ് കേസെടുത്തു
''ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവര്‍ക്ക് ഞാന്‍ 10 കോടി രൂപ നല്‍കും. ആരും അതിനു തയാറാകുന്നില്ലെങ്കില്‍, ഞാന്‍ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും' ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകള്‍.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ഭീഷണികളെ ഉദയനിധി പരിഹസിച്ചു തള്ളിയിരുന്നു. തമിഴ്‌നാടിനു വേണ്ടി ജീവന്‍ ബലി കൊടുക്കാന്‍ തയാറായ വ്യക്തിയുടെ ചെറുമകനാണു താനെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഇത്. തന്റെ തലമുടി ചീകിവയ്ക്കാന്‍ വെറും 10 രൂപയുടെ ചീപ്പ് മതിയെന്നായിരുന്നു സന്യാസിയുടെ 10 കോടി രൂപ വാഗ്ദാനത്തിന് ഉദയനിധിയുടെ മറുപടി. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ചെന്നൈയിലെ വസതിക്കു മുന്നില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കുകയും ചെയ്തു.തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
അതിനിടെ തമിഴ്‌നാട്ടില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്. ഉദയനിധി സ്റ്റാലിന്‍ വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം. ഡിഎംകെ നേതാവിന്റെ പരാതിയില്‍ തിരുച്ചിറപ്പള്ളി പോലിസാണ് അമിത് മാളവ്യക്കെതിരെ കേസെടുത്തത്.
നേരത്തെ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ യുപി പോലിസ് കേസെടുത്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാംപൂര്‍ പോലിസാണ് കേസ് എടുത്തത്. ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകര്‍ നല്‍കിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.