ബിജെപിയുടെ ഹിന്ദിയിലുള്ള വിമര്‍ശനത്തിന് ഉദയനിധിയുടെ മറുപടി; 'ഹിന്ദി തെരിയാത്, പോടാ'

Update: 2024-01-22 14:05 GMT

ചെന്നൈ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തനിക്കെതിരെ ബിജെപി എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്ത വിമര്‍ശനത്തിനു മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍.''ഈ തെറ്റുകാരെ തിരിച്ചറിയുക. അവര്‍ രാമക്ഷേത്രത്തെ വെറുക്കുന്നു, സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നു'' എന്നായിരുന്നു ഹിന്ദിയില്‍ ബിജെപിയുടെ പോസ്റ്റ്. ഇതിനു മറുപടിയായി 'ഹിന്ദി തെരിയാത്, പോടാ' എന്ന് ഇംഗ്ലിഷില്‍ എഴുതിയ ചുവന്ന നിറത്തിലുള്ള ടീഷര്‍ട് ധരിച്ചിരിക്കുന്ന തന്റെ ചിത്രം പോസ്റ്റിനു താഴെ കമന്റ് ബോക്‌സില്‍ ഉദയനിധി പോസ്റ്റു ചെയ്തു.

''അയോധ്യയില്‍ പള്ളി തകര്‍ത്ത് ക്ഷേത്രം പണിയുന്നതിനോടു യോജിപ്പില്ല' എന്ന് ഉദയനിധി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപിയുടെ പോസ്റ്റ്. ''ഡിഎംകെ ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ എതിരല്ല. അവിടെ ക്ഷേത്രം വരുന്നതു കൊണ്ടു ഞങ്ങള്‍ക്കു പ്രശ്നമില്ല. എന്നാല്‍, പള്ളി തകര്‍ത്ത് ക്ഷേത്രം പണിയുന്നതിനോടു ഞങ്ങള്‍ക്കു യോജിപ്പില്ല'' എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. മുന്‍പ് സനാതന ധര്‍മത്തിനെതിരെ ഉദയനിധി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.






Tags:    

Similar News