അടല്‍ ടണലില്‍ നൃത്തം ചെയ്തു, ഗതാഗതക്കുരുക്കുണ്ടാക്കി; 10 വിനോദസഞ്ചാരികള്‍ അറസ്റ്റില്‍, മൂന്ന് കാറുകള്‍ പിടിച്ചെടുത്തു
ഡല്‍ഹിയില്‍നിന്നുള്ള 19 നും 25നും ഇടയില്‍ പ്രായമുള്ള വിനോദസഞ്ചാരികളാണ് അറസ്റ്റിലായത്. ടണലിനുള്ളില്‍ വാഹനം നിര്‍ത്തി ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിലൂടെ ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാണ് കേസ്.
ഷിംല: റോഹ്താങ്ങിലെ അടല്‍ ടണലിനുള്ളില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന തരത്തില്‍ നൃത്തം ചെയ്ത 10 വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറുകളും പോലിസ് പിടിച്ചെടുത്തു. വ്യാഴാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍നിന്നുള്ള 19 നും 25നും ഇടയില്‍ പ്രായമുള്ള വിനോദസഞ്ചാരികളാണ് അറസ്റ്റിലായത്. ടണലിനുള്ളില്‍ വാഹനം നിര്‍ത്തി ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിലൂടെ ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാണ് കേസ്.
ട്രാഫിക് നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് വിനോദസഞ്ചാരികള്‍ നടത്തിത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. തുരങ്കത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാണ് കുളു പോലിസ് സൂപ്രണ്ട് ഗൗരവ് സിങ് പറഞ്ഞു. ഡല്‍ഹി നരേല നിവാസികളായ സിമ്രാന്‍ സിങ് (25), റിതിക് ഗോയല്‍ (20), ഹര്‍പ്രീത് സിങ് (21), രവീന്‍ മംഗല്‍ (19), ശിവം സിംഗാല്‍ (19), റിഷവ് ഗുപ്ത (19), സന്ദീപ് (37) എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പടര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ടണലിന് നടുവില്‍ വിനോദസഞ്ചാരികള്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുരങ്കം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതിനുശേഷം 10,040 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമാണ് അടല്‍. സഞ്ചാരികള്‍ ഏറെയെത്തുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.