ബിഹാറില്‍ പകര്‍ച്ചവ്യാധി; 14 കുട്ടികള്‍ മരിച്ചു

കടുത്ത പനിയും തലവേദനയുമാണ് എന്‍സഫെലൈറ്റിസ് എന്ന പകര്‍ച്ച വ്യാധിയുടെ ലക്ഷണം

Update: 2019-06-08 18:50 GMT

മുസഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍പൂരില്‍ പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് 14 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും തലച്ചോറില്‍ വീക്കവും അനുഭവപ്പെടുന്ന എന്‍സഫെലൈറ്റിസ് രോഗ ലക്ഷണമാണ് കുട്ടികളില്‍ കണ്ടെത്തിയത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അംശം കുറഞ്ഞുപോയ നിലയില്‍ 38 കുട്ടികളെയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ആശുപത്രിയിലെത്തിച്ചതെന്നും പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ച ശേഷവും 14 കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നതായി ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റല്‍ സുപ്രണ്ട് സുനില്‍ ഷാഹി പറഞ്ഞു. ചൂട് കൂടിയതും കുമിര്‍ച്ച ശക്തമായതും കാരണം നിര്‍ജ്ജലീകരണം കാരണമാണ് കുട്ടികള്‍ക്ക് രോഗം പിടിപെടുന്നതെന്ന് ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ യൂനിറ്റ് മേധാവി ഡോ. ഗോപാല്‍ സാനി പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി ചൂടിന്റെ കാഠിന്യം ഏറിയിട്ടുണ്ട്. ഹ്യുമിഡിറ്റി ലെവല്‍ 50നു മുകളിലെത്തി. ശരീരത്തിനു വിയര്‍പ്പിനെ ബാഷ്പീകരിക്കാനാവാത്ത അവസ്ഥയാണ്. ഇപ്പോള്‍ തന്നെ 15ഓളം കുട്ടികള്‍ ആശുപത്രിയിലുണ്ട്. ദിവസേന കുറഞ്ഞത് എട്ടു കേസുകളെങ്കിലും ഇത്തരത്തില്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പനിയും തലവേദനയുമാണ് എന്‍സഫെലൈറ്റിസ് എന്ന പകര്‍ച്ച വ്യാധിയുടെ ലക്ഷണം.



Tags:    

Similar News