ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ കില്‍ബാല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സായുധര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് സായുധര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 22 ദിവസത്തിനുള്ളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന സായുധരുടെ എണ്ണം 17 ആയി. പുതുവര്‍ഷം ആരംഭിച്ച ശേഷം കശ്മീര്‍ താഴ്‌വരയില്‍ പത്തിലധികം ഏറ്റുമുട്ടലുകളാണുണ്ടായത്. ബുദ്ധിപരമായ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് സായുധര്‍ക്കെതിരേ അടിക്കടി ഓപറേഷന്‍ നടത്താന്‍ സാധിക്കുന്നതെന്നും ഈ സമയത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും സുരക്ഷാ സേനയുടെ കോര്‍ ഗ്രൂപ്പ് യോഗം വ്യക്തമാക്കി.