ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഉധംപൂര്‍ ജില്ലയിലെ ശിവ്ഗര്‍ധറിലാണ് സംഭവം. ഇന്ത്യന്‍ കരസേനയുടെ പൈലറ്റും സഹപൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്ന് ഉധംപൂര്‍ ഡിഐജി അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ക്യാപ്റ്റനും മറ്റൊരാള്‍ മേജറാണെന്നും സൈന്യം പറഞ്ഞു. അവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്.
പട്‌നിറ്റോപ്പ് മേഖലയില്‍ പരിശീലനത്തിനിടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്- സൈന്യം അറിയിച്ചു. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആഴത്തിലുള്ള തോട്ടില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തത്. പരിശീലനപ്പറക്കലിനിടെ ഹെലികോപ്റ്റര്‍ ഒരു കുന്നിലിടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കാല്‍നടയായി എത്താന്‍ ഏകദേശം ഒന്നര മണിക്കൂര്‍ എടുക്കും. പ്രദേശത്തെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ സ്ഥാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.