കൂനൂര്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ സംയുക്തസേനാ അന്വേഷണം

അന്വേഷണത്തിന് എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംഗ് നേതൃത്വം നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.

Update: 2021-12-09 08:30 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തടക്കം 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംഗ് നേതൃത്വം നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.

ഹെലികോപ്റ്റര്‍ പൈലറ്റ് എന്ന നിലയില്‍ ദീര്‍ഘകാല പരിചയമുള്ളയാളാണ് എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗ്.സതേണ്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് ട്രെയിനിംഗിന്റെ ചുമതലയിലേക്ക് മാറിയ മാനവേന്ദ്ര സിംഗ് നേരത്തെ വിമാന സുരക്ഷയുടെയും പരിശോധനയുടെയും ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. ഹെലികോപ്റ്ററിന് സുലൂര്‍ എടിസിയുമായുള്ള ബന്ധം ഉച്ചയ്ക്ക് 12.8ന് നഷ്ടമായതായി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. വെല്ലിംഗ്ടണ്‍ കണ്‍ട്രോളുമായി സമ്പര്‍ക്കത്തില്‍ എന്നാണ് അവസാനം ഹെലികോപറ്ററില്‍ നിന്ന് കിട്ടിയ സന്ദേശം. അടിയന്തര സന്ദേശമൊന്നും പൈലറ്റ് നല്കിയില്ലെന്നാണ് എടിസി പറയുന്നു. ഹെലികോപ്റ്റര്‍ അവസാന സര്‍വ്വീസിനു ശേഷം 26 മണിക്കൂര്‍ പറന്നതാണ്. അവസാന നാലു പറക്കലിലും എന്തെങ്കിലും സാങ്കേതിക പിഴവ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അങ്ങനെ എങ്കില്‍ എങ്ങനെ അപകടം ഉണ്ടായി എന്നതിലാണ് അവ്യക്തത തുടരുന്നത്. പ്രതികൂല കാലവാവസ്ഥ, മരത്തിലിടിക്കാനുള്ള സാധ്യത എന്നിവയാണ് കുടുതല്‍ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നീക്കള്‍ വേണോയെന്ന് കേന്ദ്രം ആലോചിക്കും. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ച് വരികയാണ്. സുരക്ഷാ സംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാസംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.

വ്യോമസേനാ ഹെലികോപ്റ്റര്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിന്‍ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു.

Tags:    

Similar News