കശ്മീര്‍ സന്ദര്‍ശിക്കുന്ന ഇയു എംപിമാരില്‍ 22 പേരും ഫാഷിസ്റ്റ് അനുകൂലികള്‍; മുഖംമിനുക്കല്‍ തന്ത്രമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്
ബിജെപിയുമായി ബന്ധമുള്ള ഫാഷിസ്റ്റ് അനുകൂലികളാണ് കശ്മീരിലെത്തിയ എംപിമാരില്‍ ഭൂരിപക്ഷവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. പൊതുജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എംപിമാരുടെ സന്ദര്‍ശനമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ 27 എംപിമാരില്‍ 22 പേരും വലതുപക്ഷപാര്‍ട്ടികളില്‍പ്പെട്ടവര്‍. രണ്ടു പേര്‍ മാത്രമാണ് മധ്യഇടതു പാര്‍ട്ടികളില്‍പ്പെട്ടവര്‍. ബാക്കിയുള്ളവര്‍ മധ്യ വലതുപക്ഷക്കാരും. ബിജെപിയുമായി ബന്ധമുള്ള ഫാഷിസ്റ്റ് അനുകൂലികളാണ് കശ്മീരിലെത്തിയ എംപിമാരില്‍ ഭൂരിപക്ഷവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. പൊതുജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എംപിമാരുടെ സന്ദര്‍ശനമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.
ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് കേന്ദ്രം എംപിമാരെ ക്ഷണിച്ചുവരുത്തിരിയിരിക്കുന്നത്. വലതുപക്ഷ നിലപാടുകാരായ എംപിമാരെ മാത്രം ക്ഷണിച്ചുവരുത്തി തങ്ങള്‍ക്ക് അനുകൂലമായ പ്രസ്താവന പുറപ്പെടുവിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണു വിമര്‍ശനം.
അതേ സമയം, 23 എംപിമാര്‍ ഇന്ന് ഉച്ചയോടെ കശ്മീരിലെത്തി. 27 പേര്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നാലു പേര്‍ കശ്മീര്‍ സന്ദര്‍ശിക്കാതെ നാട്ടിലേക്കു മടങ്ങിയതായാണു റിപോര്‍ട്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കശ്മീരിലെ സ്ഥിതിഗതിഗള്‍ സംബന്ധിച്ച് എംപിമാര്‍ക്ക് വിശദീകരിച്ചുനല്‍കും. സംഘത്തിലുള്ള ആറ് ഫ്രഞ്ച് എംപിമാരും മാരീന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയില്‍പ്പെട്ടവരാണ്. ആറ് പോളിഷ് പ്രതിനിധികള്‍ യാഥാസ്ഥിതിക വലതുപക്ഷ പാര്‍ട്ടിയായ ലോ ആന്റ് ജസ്റ്റിസ് അംഗങ്ങളും നാല് ബ്രിട്ടീഷ് എംപിമാര്‍ തീവ്ര വലതുപക്ഷ ബ്രെക്‌സിറ്റ് പാര്‍ട്ടിയില്‍പ്പെട്ടവരുമാണ്. ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വംശീയ വികാരം ഇളക്കിവിടുന്ന പാര്‍ട്ടിയാണ് ലെ പെന്നിന്റേത്.
ഒരു പ്രത്യേക ആശയത്തെ പ്രതിനിധീകരിക്കുന്ന എംപിമാരെ മാത്രം ക്ഷണിച്ചുവരുത്തിയത് മുഖംമിനുക്കലിന്റെ ഭാഗമാണ്. മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നേതാക്കള്‍ മൂന്ന് മാസത്തോളമായി തടവില്‍ കഴിയുമ്പോള്‍ യൂറോപ്യന്‍ എംപിമാര്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചു എന്നത് വിരോധാഭാസമാണ്-നാഷനല്‍ കോണ്‍ഫറന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
എംപിമാരുടെ സംഘത്തിന് ജനങ്ങളുമായും പ്രാദേശിക മാധ്യമങ്ങളുമായും ഡോക്ടര്‍മാരുമായും സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംപിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവേശനം നിഷേധിച്ച കശ്മീരിലേക്ക് യൂറോപ്യന്‍ യൂനിയന്‍ എംപിമാരെ ക്ഷണിച്ചുവരുത്തിയ നടപടിയെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ആനന്ദ് ശര്‍മ വിമര്‍ശിച്ചു. ഇന്ത്യയുടെ പരമാധികാരത്തോടുള്ള അവഹേളനവും എംപിമാരുടെ പ്രത്യേക അവകാശത്തിന്റെ ലംഘനവുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.