യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔരയ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. തലസ്ഥാനമായ ലഖ്‌നോവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഔരയ ജില്ലയില്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടം. 20 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനില്‍നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔരയ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പലരും ജോലിയില്ലാതായതോടെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. നാട്ടിലേക്ക് പോവാന്‍ ഭക്ഷണപായ്ക്കറ്റുകള്‍ കൊണ്ടുപോവുന്ന ലോറിയിലാണ് ഇവര്‍ യാത്രചെയ്തിരുന്നത്. വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഔരയ ജില്ലയിലുണ്ടായ അപകടം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനവും അദ്ദേഹം അറിയിച്ചു. പരിക്കേറ്റ എല്ലാവര്‍ക്കും ഉടന്‍ വൈദ്യസഹായം നല്‍കണമെന്ന് കമ്മീഷണറും ഐജി കാണ്‍പൂറും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിച്ച് അപകടകാരണം സംബന്ധിച്ച റിപോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു.