സര്‍ക്കാര്‍ ക്ലിനിക്കില്‍നിന്ന് കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ മരിച്ചു; മൂന്ന് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ലിനിക്കില്‍നിന്ന് നല്‍കിയ കഫ് സിറപ്പ് കുടിച്ച മൂന്ന് കുട്ടികള്‍ മരിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മൊഹല്ല ക്ലിനിക്കുകളില്‍നിന്നും നിര്‍ദേശിച്ച കഫ് സിറപ്പ് (ഡെക്‌സ്‌ട്രോമെതോര്‍ഫന്‍) കഴിച്ചതിനെത്തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ മരിച്ചതെന്ന് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ (ഡിജിഎച്ച്എസ്) അന്വേഷണ റിപോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. കഫ് സിറപ്പ് കഴിച്ച് അവശനിലയിലായതിനെത്തുടര്‍ന്ന് 16 കുട്ടികളെയാണ് കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചെന്നാണ് ഡിജിഎച്ച്എസിന്റെ റിപോര്‍ട്ടിലുള്ളത്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയായ കലാവതി സരണ്‍ ആശുപത്രിയില്‍ 16 കുട്ടികള്‍ ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ വിഷബാധയേറ്റ് ചികില്‍സയിലായിരുന്നു. ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഈ കുട്ടികള്‍ക്ക് ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ നിര്‍ദേശിച്ചത് ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മൊഹല്ല ക്ലിനിക്കുകളാണ്. കുട്ടികള്‍ക്ക് ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ നല്‍കാന്‍ പാടില്ല. ഈ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ചത് ഒമേഗ ഫാര്‍മസ്യൂട്ടിക്കല്‍സാണെന്നും അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ നാലംഗ അന്വേഷണ സമിതിയെയാണ് നിയോഗിച്ചത്.
ചീഫ് ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫിസര്‍ (സൗത്ത് ഈസ്റ്റ് ഡല്‍ഹി) ഡോ. ഗീതയുടെ നേതൃത്വത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുക. ഏഴ് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും രാജിവയ്ക്കണമെന്നും മൂന്ന് കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മരിച്ച മൂന്ന് കുട്ടികളുടെ കുടുംബത്തിന് ഒരുകോടി രൂപയും മറ്റ് 13 കുട്ടികള്‍ക്ക് 10 ലക്ഷം രൂപയും ധനസഹായം നല്‍കണമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 29 മുതല്‍ നവംബര്‍ 21 വരെയുള്ള ദിവസങ്ങളിലായാണ് ഒന്നിനും ആറിനും ഇടയില്‍ പ്രായമുള്ള 16 കുട്ടികള്‍ക്ക് ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ വിഷബാധയുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. മിക്ക കുട്ടികള്‍ക്കും ശ്വാസതടസ്സമാണുണ് അനുഭവപ്പെട്ടത്. മരിച്ച മൂന്ന് കുട്ടികളും മോശം അവസ്ഥയിലായിരുന്നു- ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പിടിഐയോട് പറഞ്ഞു. നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ നിര്‍ദേശിക്കാന്‍ പാടില്ലെന്ന് എല്ലാ ക്ലിനിക്കുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഡല്‍ഹി സര്‍ക്കാരിനോട് ഡിജിഎച്ച്എസ് ആവശ്യപ്പെട്ടു.
പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ പിന്‍വലിക്കണമെന്ന അഭിപ്രായവും ഡിജിഎച്ച്എസ് മുന്നോട്ടുവയ്ക്കുന്നു. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ നല്‍കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ടെങ്കിലും പല ക്ലിനിക്കുകളും ഇത് പാലിക്കാറില്ലെന്ന് പട്‌ന ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ പ്രഫ. ഡോ.ചന്ദ്ര മോഹന്‍കുമാര്‍ പറഞ്ഞു. കുട്ടികളില്‍ ഈ മരുന്ന് പല പാര്‍ശ്വഫലങ്ങളുമുണ്ടാക്കുന്നു. കാഴ്ചക്കുറവ്, ആലസ്യം തുടങ്ങിയവ ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. എന്നാല്‍, ഈ മരുന്ന് കഴിച്ചുള്ള മരണം ആദ്യമായാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെക്‌സ്‌ട്രോമെതോര്‍ഫന്റെ അമിതോപയോഗമായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നും ഡോ.ചന്ദ്രമോഹന്‍കുമാര്‍ പറഞ്ഞു.