ഷിംല: ഹിമാചല്‍പ്രദേശില്‍ ട്രക്കിങ്ങിന് പോയ മൂന്നുപേരെ കാണാതായി. ലാഹൗള്‍സ്പിതി ജില്ലയിലെ ഗെപാന്‍ കൊടുമുടിയില്‍നിന്നാണ് ഇവരെ കാണാതായത്. രാജസ്ഥാന്‍ സ്വദേശി നികുഞ്ച് ജയ്‌സ്വാള്‍ എന്ന യുവാവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെയുമാണ് കാണാതായതെന്ന് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ സുധേഷ് കുമാര്‍ മൊക്ത അറിയിച്ചു.
കൂടെയുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിസ്സു പോലിസ് ചെക്ക് പോസ്റ്റില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് ഗ്രാമത്തിലെ ഹോട്ടല്‍ ത്രിവേണിയില്‍ താമസിച്ചശേഷം തിങ്കളാഴ്ചയാണ് ഇവര്‍ ട്രക്കിങ്ങിന് പോയത്. ജൂലൈ 29ന് ഇവര്‍ തിരികെ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍, ഇതുവരെ മടങ്ങിയെത്തിയില്ല. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് നിരവധി പേരാണ് പലയിടത്തുമാണ് കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അടക്കം 204 ഓളം പേര്‍ കുടുങ്ങിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.