മുസഫര്‍പൂര്‍ കൂട്ടബലാല്‍സംഗക്കേസ്: നാലുപേര്‍ അറസ്റ്റില്‍
ലൈംഗികചൂഷണത്തെത്തുടര്‍ന്ന് അഭയകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് വീണ്ടും ബലാല്‍സംഗത്തിനിരയായത്. തന്നെ നാലംഗസംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് കാണിച്ച് ശനിയാഴ്ചയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് റോഡിലൂടെ നടന്നുപോവുമ്പോള്‍ മുഖംമൂടിധാരികളായ നാലംഗസംഘം സ്‌കോര്‍പിയോ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മുസഫര്‍പൂര്‍: ബിഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്തേവാസിയായിരുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ നാലുപേരെ പോലിസ് അറസ്റ്റുചെയ്തു. ലൈംഗികചൂഷണത്തെത്തുടര്‍ന്ന് അഭയകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് വീണ്ടും ബലാല്‍സംഗത്തിനിരയായത്. തന്നെ നാലംഗസംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് കാണിച്ച് ശനിയാഴ്ചയാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് റോഡിലൂടെ നടന്നുപോവുമ്പോള്‍ മുഖംമൂടിധാരികളായ നാലംഗസംഘം സ്‌കോര്‍പിയോ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഓടുന്ന വാഹനത്തില്‍വച്ചാണ് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയത്. നാലുപേരുടെയും മുഖംമൂടി താന്‍ വലിച്ചുകീറിയതായും അവരെ കണ്ടാലറിയാമെന്നും യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബലാല്‍സംഗം ചെയ്തകാര്യം വീട്ടുകാരോട് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും പോലിസില്‍ പരാതി നല്‍കിയാല്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോവുമെന്നും നാലംഗസംഘം ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കൂട്ടബലാല്‍സംഗക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ തിങ്കളാഴ്ച സ്വമേധയാ കേസെടുക്കുകയും അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇത് ഗുരുതരമായ കേസാണെന്ന് ബെട്ടിയാ എസ്പി ജയന്ത് കാന്ത് മാധ്യമങ്ങളെ അറിയിച്ചു. പരാതി ലഭിച്ച അതേ ദിവസംതന്നെ യുവതിയുടെ പ്രാഥമിക മെഡിക്കല്‍ പരിശോധന നടത്തി റിപോര്‍ട്ടും ലഭിച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും പരിശോധന നടത്തുന്നുണ്ട്. പീഡനത്തിനിരയായത് മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ മുന്‍ അന്തേവാസിയായിരുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇക്കാര്യം അന്വേഷിക്കാന്‍ പോലിസ് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതിയുടെ ശരീരത്തില്‍ ബാഹ്യപരിക്കുകളൊന്നുമില്ലെന്ന് ഫോറന്‍സിക് സയന്‍സ് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അംബാലിക ത്രിപാഠി പറഞ്ഞു. മുസഫര്‍പൂരില്‍ ഒരു എന്‍ജിഒ നടത്തുന്ന അഭയകേന്ദ്രത്തില്‍ 44 പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിനിരയായതായി നേരത്തെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) നടത്തിയ സോഷ്യല്‍ ഓഡിറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി കുടുംബത്തിന് കൈമാറിയിരുന്നു.