മണിപ്പൂരിലെ ക്രൂരത: നാലുപേര്‍ അറസ്റ്റില്‍; കൂറ്റന്‍ പ്രതിഷേധം

Update: 2023-07-20 17:41 GMT

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് കുക്കി ക്രൈസ്തവ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിഷേധം കനത്തതോടെ നാലുപേരെ അറസ്റ്റ് ചെയ്തു. അക്രമികളില്‍ ഒരാളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതിനിടെ, കേസിലെ മുഖ്യപ്രതിയുടെ വീടിന് ജനക്കൂട്ടം തീയിട്ടതായും റിപോര്‍ട്ടുകളുണ്ട്. തൗബല്‍ ജില്ലയിലെ ഹുയിരേം ഹെരാദാസ് സിങ് എന്ന 32 കാരന്റെ വീടിനാണ് തീയിട്ടതെന്നാണ് റിപോര്‍ട്ട്. സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളിലെ പച്ച ടീഷര്‍ട്ട് ധരിച്ചതില്‍ നിന്ന് തിരിച്ചറിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നാണ് പോലിസ് പറഞ്ഞിരുന്നത്. അതിനിടെ, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ കുക്കി സമുദായംഗങ്ങള്‍ ചുരാചന്ദ്പൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കറുത്ത വസ്ത്രം ധരിച്ചാണ് കൂറ്റന്‍ പ്രതിഷേധം നടത്തിയത്. അക്രമികള്‍ക്കെതിരെ തൗബാല്‍ ജില്ലയിലെ കാങ്‌പോക്ക് സെക്മായി പോലിസ് സ്‌റ്റേഷനില്‍ തട്ടിക്കൊണ്ടുപോവല്‍, കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നിവയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിഷയത്തില്‍ നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂര്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലിസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ അന്വേഷണപുരോഗതി. ഇരയായ സ്ത്രീകളുടെയും മറ്റ് പരിക്കേറ്റവരുടെയും ആരോഗ്യനില, ദുരിതബാധിതര്‍ക്കും കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും റിപോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

    മെയ് നാലിന് മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തിലാണ് സംഭവം നടന്നത്. ആയിരത്തോളം വരുന്ന അക്രമി സംഘം ഒരു ആദിവാസി കുടുംബത്തിലെ അഞ്ച് പേരെ പോലിസ് കസ്റ്റഡിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി, രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ഒരാളെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അക്രമം തടയാനെത്തിയ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    

Similar News