ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ദലിതു യുവാവിനെ നഗ്നനാക്കി നടത്തിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍
മൈസൂരു: അനുമതിയില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിതു യുവാവിനെ നഗ്നനാക്കി നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബസവരാജു, മാണിക്യ, സതീഷ, ചന്നകേശ്വ മൂര്‍ത്തി എന്നിവരാണ് അറസ്റ്റിലായതെന്നു പോലിസ് അറിയിച്ചു.
ഗുണ്ടല്‍പേട്ടയിലെ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്നാരോപിച്ചു ഇക്കഴിഞ്ഞ മൂന്നിനാണു പ്രദേശിവാസികള്‍ പ്രതാപ് എന്ന ദലിതു യുവാവിനെ നഗ്നനാക്കി മര്‍ദിച്ചത്. അക്രമത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നു സംഭവത്തില്‍ ഉള്‍പെട്ടവരെ ഉടന്‍ പിടികൂടണമെന്നു മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നിര്‍ദേശിച്ചിരുന്നു.
കുറ്റക്കാരെ പിടികൂടാത്തതിനെ തുടര്‍ന്നു ഗുണ്ടല്‍പേട്ട പോലിസ് സ്‌റ്റേഷനിലേക്കു ദലിതു സംഘടനകളുടെ നേതൃത്ത്വത്തില്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. ഇത്തരത്തില്‍ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണു 9 ദിവസത്തിനു ശേഷം പോലിസ് പ്രതികളെ പിടികൂടിയത്.
ജൂണ്‍ രണ്ടിനു നടന്ന സിവില്‍ സര്‍വീസ് പ്രിലിമനറി പരീക്ഷയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പ്രതാപ്. എന്നാല്‍ എത്താന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. തുടര്‍ന്നു തിരിച്ചു വരവേ പ്രതാപിന്റെ ബൈക്ക് കേടായി. തകരാര്‍ പരിഹരിക്കുന്നതിനിടെ ഒരു സംഘം പ്രതാപിനെ വളയുകയും ഭീഷണിപ്പെടുത്തി ബൈക്ക് എടുത്തു പോവുകയുമായിരുന്നു. തുടര്‍ന്നു വീട്ടിലെത്താന്‍ വഴിയില്ലാതിരുന്നു പ്രതാപ് തൊട്ടടുത്ത ശനീശ്വര ക്ഷേത്രത്തില്‍ രാത്രി കഴിച്ചുകൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി പ്രതാപിനെ കാണുകയും പ്രദേശവാസികളെ വിളിച്ചുകൂട്ടുകയും ചെയ്തു. പ്രതാപ് ദലിതനാണെന്നു തിരിച്ചറിഞ്ഞതോടെ സമീപത്തെ സവര്‍ണ സമുദായക്കാര്‍ പ്രതാപിനെ മര്‍ദിക്കുകയും നഗ്നനാക്കി നടത്തിക്കുകയുമായിരുന്നുവെന്നു പോലിസില്‍ പരാതി നല്‍കിയ യുവാവിന്റെ ബന്ധു കന്തരാജു പറഞ്ഞു.