ലോക്ക് ഡൗണില്‍ കുടുങ്ങിയ 41 പാക് പൗരന്‍മാര്‍ ഇന്ത്യയില്‍നിന്ന് മടങ്ങി
ആഗ്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കുടുങ്ങിയവരാണ് ഇവര്‍. സന്ദര്‍ശനം, തീര്‍ഥാടനം, ചികില്‍സ എന്നീ വിസകളില്‍ എത്തിയവരാണ് ഇവര്‍. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ബന്ധുക്കളെ കാണുന്നതിനുമായാണ് പലരും ഇന്ത്യയിലെത്തിയത്.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 41 പാകിസ്താന്‍ പൗരന്‍മാരെ മടക്കി അയച്ചു. അട്ടാരി- വാഗാ അതിര്‍ത്തി വഴിയാണ് ഇവര്‍ മടങ്ങിയത്. ആഗ്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കുടുങ്ങിയവരാണ് ഇവര്‍. സന്ദര്‍ശനം, തീര്‍ഥാടനം, ചികില്‍സ എന്നീ വിസകളില്‍ എത്തിയവരാണ് ഇവര്‍. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ബന്ധുക്കളെ കാണുന്നതിനുമായാണ് പലരും ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ പാക് ഹൈക്കമീഷന്റെ നേതൃത്വത്തില്‍ നടന്ന നീക്കത്തിനൊടുവിലാണ് പൗരന്‍മാരെ സ്വദേശത്തെത്തിക്കാന്‍ സാധിച്ചത്.
150 ഓളം പേരില്‍ 41 പേരാണ് ഇപ്പോള്‍ വാഗാ അതിര്‍ത്തിയിലൂടെ ലാഹോറിലേക്ക് മടങ്ങിയത്. ബാക്കിയുള്ള പാകിസ്താന്‍ പൗരന്‍മാരെ ഉടന്‍ തിരിച്ചുകൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 12നാണ് ഇന്ത്യയിലേക്ക് പോയതെന്നും മാര്‍ച്ച് 19ന് മടങ്ങിവരാമെന്നാണ് കരുതിയിരുന്നതെന്നും മടങ്ങിയെത്തിയ പാക് പൗരന്‍ ഇഹ്‌സാന്‍ അഹമ്മദിനെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണല്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അപ്രതീക്ഷിത ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങുകയായിരുന്നു.
ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ പാക് പൗരന്‍മാരും വീടുകളില്‍തന്നെ കഴിയണമെന്നും പാകിസ്താന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം. എല്ലാ പാകിസ്താനികളെയും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ എംബസി നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായി മടങ്ങിയെത്തിയതിന് ഇരുസര്‍ക്കാരുകള്‍ക്കും നന്ദി പറഞ്ഞ അംതാല്‍ ബാസിത്, ഇന്ത്യയില്‍ കുടുങ്ങിയ പാകിസ്താനികളോട് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയണമെന്ന് അഭ്യര്‍ഥിച്ചു. 105 കശ്മീരികള്‍ ഉള്‍പ്പെടെ 205 ഇന്ത്യന്‍ പൗരന്‍മാരാണ് പാകിസ്താനില്‍ കുടുങ്ങിക്കിടക്കുന്നത്.