അഞ്ച് എംപിമാര്‍ ജയിച്ചത് വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; ആരോപണവുമായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി

Update: 2021-10-21 03:56 GMT

ന്യൂഡല്‍ഹി: ബിഹാറില്‍നിന്ന് ഒരു കേന്ദ്രമന്ത്രി ഉള്‍പ്പെടെ അഞ്ച് എംപിമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് പാര്‍ലമെന്റിലെത്തിയതെന്ന ആരോപണവുമായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷിയുടെ നേതാവുമായ ജിതന്‍ റാം മാഞ്ചി. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന സീറ്റുകളില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവര്‍ മല്‍സരിച്ചെന്നും വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പാര്‍ട്ടിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) യുടെ ദേശീയ എക്‌സിക്യൂട്ടീവിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി എസ് പി സിങ് ബാഗേല്‍, ജയ്‌സിദ്ധേശ്വര്‍ ശിവാചാര്യ മഹാസ്വാമിജി (ഇരുവരും ബിജെപി എംപിമാര്‍), കോണ്‍ഗ്രസ് എംപി മുഹമ്മദ് സാദിഖ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരൂപ പോഡര്‍, സ്വതന്ത്ര എംപി നവനീത് രവി റാണ എന്നിവര്‍ക്കെതിരേയാണ് മാഞ്ചിയുടെ ആരോപണം. അതേസമയം, മാഞ്ചിയുടെ ആരോപണത്തോട് എംപിമാര്‍ ആരും പ്രതികരിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ നിഷേധിച്ചിരുന്നതാണ്. ബാഗേല്‍ പട്ടികജാതിക്കാരനാണെന്ന് ഉത്തര്‍പ്രദേശില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സ്വതന്ത്ര എംപി നവനീത് രവി റാണയുടെ ജാതി സര്‍ട്ടിഫിക്കറ്റ് ബോംബെ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

പക്ഷേ, സുപ്രിംകോടതിയില്‍നിന്ന് അദ്ദേഹത്തിന് ഇളവ് ലഭിക്കുകയും ജൂണില്‍ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. തൊഴില്‍രംഗങ്ങളിളില്‍ ദലിതര്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ ക്വാട്ട ആനുകൂല്യങ്ങളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ പോലും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നുവെന്ന് മാഞ്ചി ആരോപിച്ചു. എല്ലാവര്‍ക്കും ഒരു ഏകീകൃത സ്‌കൂള്‍ സമ്പ്രദായവും ദലിതര്‍ക്ക് പ്രത്യേക വോട്ടര്‍ പട്ടികയും വേണം.

അത്തരം വിദ്യാഭ്യാസത്തിന്റെ അവലോകനം 10 വര്‍ഷത്തിനുള്ളില്‍ നല്ല ഫലങ്ങള്‍ നല്‍കുന്നുവെങ്കില്‍ സംവരണത്തിന്റെ ആവശ്യമില്ല. പാര്‍ട്ടിയുടെ എല്ലാ സംഘടനാ ഘടകങ്ങളും പിരിച്ചുവിടും. പാര്‍ട്ടിയില്‍ ഉടന്‍ പുനസ്സംഘടനയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അംഗവും ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സഖ്യകക്ഷിയുമാണ് മാഞ്ചിയുടെ പാര്‍ട്ടി.

Tags:    

Similar News