ഡല്‍ഹിയില്‍ വസ്ത്രശാല ഗോഡൗണില്‍ വന്‍ തീപ്പിടിത്തം: 9 മരണം
പുലര്‍ച്ചെ 12.30നായിരുന്നു അപകടം. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഗോഡൗണ്‍ സ്ഥിതിചെയ്തിരുന്നത്.
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രശാലയുടെ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതുപേര്‍ മരിച്ചു. പുലര്‍ച്ചെ 12.30നായിരുന്നു അപകടം. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഗോഡൗണ്‍ സ്ഥിതിചെയ്തിരുന്നത്. പുറത്തുകടക്കാന്‍ ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല, തീയണയ്ക്കാനുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം ദുരന്തത്തിന്റെ ആഘാതം കൂട്ടി.
പൊള്ളലേറ്റവരെ അടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യഡല്‍ഹിക്കടുത്ത് റാണി ഝാന്‍സി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗുനിര്‍മാണശാലയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 43 തൊഴിലാളികള്‍ മരിച്ചിരുന്നു. നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്ന നാലുനിലക്കെട്ടിടത്തില്‍ നൂറ്റമ്പതോളം തൊഴിലാളികളുണ്ടായിരുന്നു. രാവിലെ അഞ്ചിന് തീപ്പിടിത്തമുണ്ടാകുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു. ഇത് മരണസംഖ്യ ഉയരാന്‍ കാരണമായി.