ഡമോക്രസി നമോക്രസി ആയെന്നു മമത
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ നേതൃത്ത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സംഘടിപ്പിച്ച റാലി പ്രതിപക്ഷ കക്ഷികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായി. ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച കൂറ്റന്‍ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എന്‍സിപി നേതാവ് ശരത് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു എഎപി റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് റാലിയില്‍ നിന്നും വിട്ട് നിന്നു. മോദി ഭരണത്തിനു കീഴില്‍ ഡമോക്രസി നമോക്രസി ആയെന്നും അടിയന്തരാവസ്ഥയേക്കാള്‍ മോശമാണു രാജ്യത്തിന്റെ അവസ്ഥയെന്നും റാലിയില്‍ സംസാരിക്കവെ മമതാ ബാനര്‍ജി പറഞ്ഞു.