നടിയെ ആക്രമിച്ച കേസ്: വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി സര്‍ക്കാര്‍ സുപ്രികോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ദിലീപും ഹരജി നല്‍കിയത്. വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്നും കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണെന്നും ദിലീപ് സുപ്രിംകോടതിയെ അറിയിച്ചു.
വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടിയാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന സര്‍ക്കാരിന്റെ ഹരജി തിങ്കളാഴ്ചയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അദ്ദേഹം വിചാരണ ഒഴിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അപേക്ഷയെന്നും ദിലീപ് ആരോപിക്കുന്നു.
വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി ആ ആവശ്യം നിരാകരിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയാണ് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടേണ്ടത്. എന്നാല്‍, വിചാരണ കോടതി ജഡ്ജി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംവിധാകയാകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് നേരത്തെ പറയാത്തത് എന്നതിന് കൃത്യമായ വിശദീകരണമില്ലെന്നും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.