മുംബൈ: സിനിമ തന്നിലെ ഈമാന്‍ തകര്‍ത്തുവെന്നും അല്ലാഹുവില്‍ നിന്നും അകലാന്‍ ഇതു കാരണമായെന്നും ദേശീയ അവാര്‍ഡ് ജേതാവായ ബോളിവുഡ് നടി സൈറ വസീം. തന്റെ ഇടം ഇതല്ലെന്നു തിരിച്ചറിഞ്ഞതോടെ അഞ്ചു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അഭിനയം നിര്‍ത്തുകയാണെന്നും നടി വ്യക്തമാക്കി.
സിനിമാ മേഖലയില്‍ നിന്നു ഒരുപാട് സ്‌നേഹവും പിന്തുണയും ലഭിച്ചു. സിനിമയില്‍ സജീവമാവാനുള്ള തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ബോളിവുഡില്‍ എത്തിയതോടെ തനിക്ക് പ്രശസ്തി കൈവന്നു. പൊതുമധ്യത്തില്‍ ഞാന്‍ ശ്രദ്ധാ കേന്ദ്രമായി. എന്നാല്‍ ഈ മേഖലയില്‍ സജീവമായതോടെ തന്റെ വിശ്വാസത്തിനും ദൈവഭയത്തിനും പോറലേല്‍ക്കാന്‍ തുടങ്ങി. മതമൂല്യങ്ങളെ കുറിച്ചുള്ള തന്റെ അജ്ഞതയും ഇഹലോകത്തോടുള്ള അമിത താല്‍പര്യവും ഇതിനു കാരണമായി. ഇതോടെ ജീവിതം മാറിപ്പോയി. ഇതോടെ തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും സന്തോഷം നഷ്ടപെട്ടു. ഈ മേഖലയില്‍ ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ലെന്നു താന്‍ തിരിച്ചറിയുന്നു. ഖുര്‍ആനോടും അല്ലാഹുവിനോടും പ്രവാചകനോടും അടുത്തതോടെയാണ് താനീ തീരുമാനം എടുത്തത്- സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ താരം വ്യക്തമാക്കി. വിജയവും പ്രശസ്തിയും അധികാരവും സമ്പത്തും മറ്റൊന്നും ഒരാളുടെ വിശ്വാസവും സമാധാനവും നഷ്ടപെടാന്‍ ഇടയാക്കുന്നത് ആവരുതെന്നു പറഞ്ഞാണ് സൈറ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചാണ് ബോളിവുഡില്‍ രംഗപ്രവേശം നടത്തുന്നത്. ഗീതാ ഫോഗട്ട് ആയുള്ള പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷമാണ് സൈറ ചെയ്തത്. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു.