നിരുത്തരവാദപരമായ റിപോര്‍ട്ടിങ്: റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും ഹൈക്കോടതി നോട്ടീസ്

സിനിമാ വ്യവസായത്തിനെതിരേ 'നിരുത്തരവാദപരവും അവഹേളനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍' നടത്തുന്നതില്‍ നിന്നും വിവിധ വിഷയങ്ങളില്‍ സിനിമാ താരങ്ങള്‍ക്കെതിരേ മാധ്യമ വിചാരണ നടത്തുന്നതില്‍നിന്നും ചാനലുകളെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

Update: 2020-11-09 12:45 GMT

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകരും നിര്‍മാതാക്കളും സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി റിപ്പബ്ലിക് ടിവി, ടൈംസ് നൗ എന്നിവയ്ക്ക് നോട്ടീസ് അയച്ചു. സിനിമാ വ്യവസായത്തിനെതിരേ 'നിരുത്തരവാദപരവും അവഹേളനപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍' നടത്തുന്നതില്‍ നിന്നും വിവിധ വിഷയങ്ങളില്‍ സിനിമാ താരങ്ങള്‍ക്കെതിരേ മാധ്യമ വിചാരണ നടത്തുന്നതില്‍നിന്നും അവരെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

സാമൂഹിക മാധ്യമങ്ങളിലോ ടിവിയിലോ ഇത്തരത്തിലുള്ള ഉള്ളടക്കം നല്‍കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളില്‍ നിന്നും നിഷ്പക്ഷത പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.

മാധ്യമ വിചാരണയ്ക്കെതിരെ 38 ഹിന്ദി സിനിമാ അസോസിയേഷനുകളും പ്രൊഡക്ഷന്‍ ഹൗസുകളും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 'നിരുത്തരവാദപരവും നിന്ദ്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍' പ്രസിദ്ധീകരിച്ചതിന് റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കെതിരേ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി ഇരു വാര്‍ത്ത ചാനലുകളോടും ആവശ്യപ്പെട്ടു.

'മാധ്യമങ്ങള്‍ക്ക് സമാന്തര വിചാരണ നടത്താന്‍ കഴിയില്ല. നിങ്ങള്‍ ഒരു ബ്രോഡ്കാസ്റ്ററാണ് ... വാര്‍ത്തകള്‍ കാണിക്കൂ', കോടതി പറഞ്ഞു. വാര്‍ത്തകളെക്കാള്‍ കൂടുതല്‍ അഭിപ്രായമാണ് ചാനലുകളില്‍ ഉള്ളതെന്നും മുന്‍വിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

'ബോളിവുഡ് താരങ്ങള്‍ക്ക് സ്വകാര്യതയ്ക്ക് അര്‍ഹതയുണ്ട്. ഡയാന രാജകുമാരിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ ... മാധ്യമങ്ങള്‍ പിന്തുടര്‍ന്നതാണ് മരണത്തില്‍ കലാശിച്ചത്. നിങ്ങള്‍ക്ക് ഇതുപോലെ പോകാനാവില്ല', ജസ്റ്റിസ് രാജീവ് ശക്‌ധേര്‍ എസ് പറഞ്ഞു. തത്സമയ സംവാദത്തില്‍ ശാപ വാക്കുകള്‍ പോലും ഉച്ചരിക്കുന്നതായും കോടതി വ്യക്തമാക്കി.റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ആരും തടയുന്നില്ലെന്നും എന്നാല്‍ ഭാഷയും രീതിയും ശരിയായിരിക്കണമെന്നും കോടതി വിശദമാക്കി.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ വിചാരണക്കെതിരെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഹര്‍ജി നല്‍കിയത്. റിപ്പബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരായിരുന്നു ഹര്‍ജി.

Tags:    

Similar News