റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണം; നിയമ നടപടി സ്വീകരിക്കണമെന്നും എന്‍ബിഎ

അര്‍ണബും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും എന്‍ബിഎ പ്രസ്താവനയിലൂടെ അറിയിച്ചു.

Update: 2021-01-20 12:18 GMT
ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സൈനിക രഹസ്യം ഉള്‍പ്പെടെ ചോര്‍ത്തിയെന്ന് തെളിയിക്കുന്ന വാട്ട്‌സ് ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ചാനലിനെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ).അര്‍ണബും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും എന്‍ബിഎ പ്രസ്താവനയിലൂടെ അറിയിച്ചു. ഇരുവരും തമ്മിലുള്ള ചാറ്റില്‍ സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ് പുനസ്സംഘടന, പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്വാധീനം, കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിലെ പ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി റേറ്റിങിലെ കൃത്രിമത്തെക്കുറിച്ച് എന്‍ബിഎ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന തെളിവുകള്‍. ചാനല്‍ റേറ്റിംഗ് കൃത്രിമവുമായി ബന്ധപ്പെട്ട കോടതിയുടെ പരിധിയിലെ കേസില്‍ വിധി വരുന്നതുവരെ റിപ്പബ്ലിക് ടിവിയുടെ ഐബിഎഫ് അംഗത്വം റദ്ദാക്കണം. ബാര്‍കിന്റെ വിശ്വാസ്യത തകര്‍ത്തവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും റേറ്റിങ് നടപടികള്‍ സുതാര്യമാക്കണമെന്നും എന്‍ബിഎ ആവശ്യപ്പെട്ടു.


Tags:    

Similar News