പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത: റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി കോടതിയുടെ സമന്‍സ്
കേസ് ജനുവരി മൂന്നിന് പരിഗണിക്കാനായി മാറ്റിവച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിന് വേണ്ടി അഭിഭാഷകരായ ഷക്കീല്‍ അബ്ബാസ്, ആസിഫ് അലി ഖാന്‍ എന്നിവര്‍ ഹാജരായി.
ന്യൂഡല്‍ഹി: അസമിലെ ദറങിലെ പോലിസ് വെടിവയ്പ്പിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, അനന്യ വര്‍മ എന്നിവര്‍ക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു.
സപ്തംബര്‍ ഒമ്പതിനാണ് റിപ്പബ്ലിക് ടിവി പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തത്. 'ദറങ് വെടിവയ്പ്പ്: പിഎഫ്‌ഐ ബന്ധമുള്ള രണ്ട് പേര്‍ അറസ്റ്റില്‍', 'പ്രതിഷേധത്തിന് ആള്‍ക്കൂട്ടങ്ങളെ അണിനിരത്തി', 'കുറ്റാരോപിതര്‍', 'അസം അക്രമം: പിഎഫ്‌ഐ ബന്ധമുള്ള രണ്ട് പേര്‍ അറസ്റ്റില്‍', 'പിഎഫ്‌ഐക്കെതിരേ ഗൂഢാലോചനാകുറ്റം' തുടങ്ങിയ തലക്കെട്ടുകളോടെയാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്.
സംഘടനക്കെതിരേ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പബ്ലിക് ടിവിക്കെതിരേ പോപുലര്‍ ഫ്രണ്ട് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. സംപ്രേഷണം ചെയ്തത് വ്യാജവും കെട്ടിച്ചമച്ചതുമായ വാര്‍ത്തയാണെന്ന് അംഗീകരിച്ച് നിരുപാധികം ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ടാണ് പോപുലര്‍ ഫ്രണ്ട് വക്കീല്‍ നോട്ടിസ് അയച്ചത്. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോപുലര്‍ ഫ്രണ്ട് നിയമ നടപടിയിലേക്ക് നീങ്ങിയത്. പോപുലര്‍ ഫ്രണ്ട് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സലിം ഷെയ്ഖ് മുഖേന ഒക്ടോബര്‍ 23ന് ഡല്‍ഹിയിലെ സാകേത് കോടതിയിലെ മുതിര്‍ന്ന സിവില്‍ ജഡ്ജി മുമ്പാകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് റിപ്പബ്ലിക് ടിവി, ചാനല്‍ സിഇഒ അര്‍ണബ് ഗോസ്വാമി, എഡിറ്റര്‍ അനന്യ വര്‍മ എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചു. കേസ് ജനുവരി മൂന്നിന് പരിഗണിക്കാനായി മാറ്റിവച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിന് വേണ്ടി അഭിഭാഷകരായ ഷക്കീല്‍ അബ്ബാസ്, ആസിഫ് അലി ഖാന്‍ എന്നിവര്‍ ഹാജരായി.