അപകീര്‍ത്തികരമായ വാര്‍ത്താധിഷ്ഠിത പരിപാടി: മനോരമ ന്യൂസിനെതിരേ ഡിജിപിക്ക് പരാതി നല്‍കി എസ്ഡിപിഐ

കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി 10.09ന് പ്രക്ഷേപണം ചെയ്ത 20 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'പറയാതെ വയ്യ' എന്ന പരിപാടിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയ്‌ക്കെതിരേ 'ജനകീയ മുന്നേറ്റത്തെ മുഖ്യമന്ത്രി എസ്ഡിപിഐയുമായി കൂട്ടിക്കെട്ടിയത് എന്തിന്...?' എന്ന തലക്കെട്ടില്‍ അവതരിപ്പിച്ച പരിപാടിക്കെതിരേയാണ് പരാതി നല്‍കിയത്.

Update: 2020-02-15 12:02 GMT

തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്താധിഷ്ഠിത പരിപാടി പ്രസിദ്ധീകരിച്ചതിനെതിരേ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മനോരമ ന്യൂസ് ചാനലിലെ ന്യൂസ് റീഡര്‍ ഷാനി പ്രഭാകറിനെതിരേ ഡിജിപിക്ക് പരാതി നല്‍കി. കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി 10.09ന് പ്രക്ഷേപണം ചെയ്ത 20 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'പറയാതെ വയ്യ' എന്ന പരിപാടിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയ്‌ക്കെതിരേ 'ജനകീയ മുന്നേറ്റത്തെ മുഖ്യമന്ത്രി എസ്ഡിപിഐയുമായി കൂട്ടിക്കെട്ടിയത് എന്തിന്...?' എന്ന തലക്കെട്ടില്‍ അവതരിപ്പിച്ച പരിപാടിക്കെതിരേയാണ് പരാതി നല്‍കിയത്.

ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് സ്വാതന്ത്ര്യവും നീതിയും സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ഉദ്ദേശത്തോടെ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കെതിരേ അപകീര്‍ത്തിപരവും അപവാദപരവുമായിട്ടാണ് പരിപാടി അവതരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്റെ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രസ്തുത പരിപാടി പ്രക്ഷേപണം ചെയ്തിട്ടുള്ളതെന്നും സമൂഹത്തിലെ വ്യത്യസ്തപാര്‍ട്ടിയിലും മതത്തിലും ഉള്‍പ്പെട്ടയാളുകളെ ഭിന്നിപ്പിച്ച് ആയതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മനോരമ ന്യൂസിന്റെ ഈ പരിപാടി മൂലം പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അന്തസ്സിനും സല്‍പ്പേരിലും ഇടിവുസംഭവിച്ചിട്ടുള്ളതും മാനനഷ്ടം സംഭവിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ പരിപാടി അവതരിപ്പിച്ച വ്യക്തിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പോലിസ് സത്വരനടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാത്തപക്ഷം ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. 

Tags:    

Similar News