പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിനെതിരെ ആദിവാസി കോണ്‍ഗ്രസ്; 'ഞങ്ങള്‍ ദലിതരായത് കൊണ്ടല്ലേ ഇങ്ങനെ പെരുമാറുന്നത്'

ആദിവാസികളെയും വനിതകളെയും അപമാനിക്കുന്നതിന് തുല്യമാണ്.

Update: 2023-05-25 17:46 GMT

ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിനെതിരെ ആദിവാസി കോണ്‍ഗ്രസ് രംഗത്ത്.രാജ്യത്തെ ആദ്യത്തെ ദലിത് രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കാത്തത് മുഴുവന്‍ ദലിതരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേന്ത്യാ ആദിവാസി കോണ്‍ഗ്രസ്. എ.ഐ.സി.സി. ഹെഡ്ക്വാര്‍ട്ടേര്‍സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദിവാസി കോണ്‍ഗ്രസ് അധ്യക്ഷന്‍ ശിവാജിറാവു മോഖേ.

'ആദ്യമായാണ് ദലിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയുണ്ടാകുന്നത്. നമുക്ക് വനിതാ രാഷ്ട്രപതിയാണുള്ളത്. പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് ആദിവാസികളെയും വനിതകളെയും അപമാനിക്കുന്നതിന് തുല്യമാണ്. പാര്‍ലമെന്റിന്റെ അഭിവാജ്യ ഘടകമാണ് രാഷ്ട്രപതി. പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്,' അദ്ദേഹം പറഞ്ഞു. തങ്ങള്‍ ദലിത് വിഭാഗമായത് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മോഖേ പറഞ്ഞു. 'ബ്ലോക്ക്, ഗ്രാമങ്ങള്‍, ജില്ലകള്‍ തുടങ്ങിയ എല്ലായിടത്തും നാളെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ഞങ്ങള്‍ക്ക് രാഷ്ട്രപതിയാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത്. അല്ലാതെ പ്രധാനമന്ത്രിയല്ല. പാര്‍ലമെന്റ് ഉദ്ഘാടനം നടത്താന്‍ രാഷ്ട്രപതിയെ ക്ഷണിക്കാന്‍ പ്രധാനമന്ത്രിക്ക് ഇപ്പോഴും സമയമുണ്ട്- മോഖേ പറഞ്ഞു.

നിലവില്‍ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, എം.ഡി.എം.കെ, രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിരം ബഹിഷ്‌കരിക്കുന്ന പ്രസ്താവനയിറക്കിയത്.

Tags:    

Similar News