
മുംബൈ: മഹാരാഷ്ട്രയില്‍ നാലുവയസുകാരിയായ ദത്ത് പുത്രിയെ കൊലപ്പെടുത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സില്ലോഡിലാണ് സംഭവം. ഫൗസിയ ഷെയ്ഖ് (27), ഭര്‍ത്താവ് ഫഹീം ഷെയ്ഖ് (35) എന്നിവരാണ് പിടിയിലായത്. ആറു മാസം പ്രായമുള്ളപ്പോഴാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് കുട്ടിയെ സബ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും കുട്ടി മരിച്ചു.
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവര്‍ തിടുക്കുംകൂട്ടി. എന്നാല്‍, കുട്ടിക്ക് അസുഖമോ ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികളിലൊരാള്‍ പോലിസിന് വിവരം നല്‍കി.
തുടര്‍ന്ന് പോലിസെത്തി സംസ്‌കാര ചടങ്ങുകള്‍ തടയുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുട്ടിയെ തല്ലുമായിരുന്നുവെന്ന് മാതാവ് പോലിസിനോടു പറഞ്ഞു. തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു.