ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് രാജിവച്ചു. അസം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നാണ് അദ്ദേഹം രാജിവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നൈനിത്താളില്‍നിന്ന് മല്‍സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബിജെപി പ്രസിഡന്റ് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജിയും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നും റാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ഹരീഷ് റാവത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് അഞ്ചുതവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയായിരുന്നു.