തരൂര്‍ വിവാദം: എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍; നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

Update: 2022-11-25 02:58 GMT

കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ പര്യടനത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ക്കുമിടെ കേരളത്തിന്റെ ചുമതലക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. നേതാക്കളുടെ പരസ്യപ്രസ്താവനകളും പടലപ്പിണക്കങ്ങളും അവസാനിപ്പിക്കുകയെന്നതാവും ഹൈക്കമാന്‍ഡ് നിര്‍ദേശത്തോടെ എത്തുന്ന താരിഖ് അന്‍വറിന്റെ ലക്ഷ്യം. കോഴിക്കോട് വച്ചാണ് നേതാക്കളെ കാണുന്നത്. സ്ഥിതിഗതികളുടെ ഗൗരവ സ്വഭാവം പരിഗണിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഹൈക്കമാന്‍ഡിന് റിപോര്‍ട്ട് സമര്‍പ്പിക്കും.

തരൂരിനെതിരേ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും കെപിസിസി തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നുമാണ് താരിഖ് അന്‍വര്‍ പ്രതികരിച്ചത്. ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ടെങ്കിലും സാഹചര്യം പരിശോധിച്ച് ഹൈക്കമാന്റിനു റിപോര്‍ട്ട് നല്‍കും. പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പരിപാടിക്കാണ് താരിഖ് അന്‍വര്‍ എത്തുന്നതെങ്കിലും നേതാക്കളുമായി വിശദമായ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നതിനായി രണ്ടുദിവസം കേരളത്തില്‍ തങ്ങും.

ഗ്രൂപ്പുപോര് വീണ്ടും തലപൊക്കുന്നതിന് തടയിടാനുള്ള നിര്‍ദേശങ്ങളും കൂടിക്കാഴ്ചയിലുണ്ടാവും. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരെ വിശ്വാസത്തിലെടുത്തും ശശി തരൂര്‍, എം കെ രാഘവന്‍ എന്നിവരെ തള്ളാതെയുമുള്ള സമീപനമായിരിക്കും ഹൈക്കമാന്‍ഡ് പ്രതിനിധി സ്വീകരിക്കുകയെന്നാണ് വിവരം. ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് നേതൃത്വത്തിലേക്ക് വരാനുള്ള തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ചതു മുതല്‍ തരൂര്‍ ഹൈക്കമാന്‍ഡിന്റെ നോട്ടപ്പുള്ളിയാണ്.

കേരളത്തില്‍ നേതാക്കളുടെ പരസ്യമായ പോര്‍വിളി ദിവസങ്ങളായി തുടര്‍ന്നിട്ടും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ മൗനം തുടരുകയാണ്. ഖാര്‍ഗെക്കെതിരേ മല്‍സരിച്ച തരൂരിനോടുള്ള അമര്‍ഷം ഇപ്പോഴും കേന്ദ്രനേതൃത്വത്തിനുണ്ട്. അതേസമയം, തരൂര്‍ മല്‍സരിച്ചതിനെ കേരളത്തില്‍ ശക്തമായി എതിര്‍ത്ത കെ മുരളീധരന്‍ ഇപ്പോള്‍ തരൂരിന് പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. പാര്‍ട്ടി നേതൃത്വം വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പറഞ്ഞ എം കെ രാഘവന്‍, പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയാതെ പറഞ്ഞുകഴിഞ്ഞു.

നിലവില്‍ തരൂരിന് പിന്നില്‍ അടിയുറച്ചുനില്‍ക്കുകയാണ് കോഴിക്കോട് എംപി കൂടിയായ രാഘവന്‍. തരൂരിന്റെ പരിപാടിയുടെ സംഘാടന ചുമതയില്‍നിന്നുളള യൂത്ത് കോണ്‍ഗ്രസ് പിന്‍മാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തരൂരിന് പിന്തുണയുമായി കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തുമ്പോള്‍ എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്.

അതേസമയം, ശശി തരൂരിന് വേദി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മറ്റി തീരുമാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകി. പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം പരിപാടികള്‍ ഡിസിസിയെ അറിയിക്കുന്നതാണ് പതിവ്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെ സംബന്ധിച്ച് ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് മേല്‍ഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തരൂരിന് യൂത്ത് കോണ്‍ഗ്രസ് വേദി ഒരുക്കുന്നത് ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവില്‍ ശശി തരൂരിന് ഒപ്പമാണു തങ്ങളെന്ന വ്യക്തമായ സൂചന നല്‍കിയാണ് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പരിപാടി.

Tags:    

Similar News