കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും; മുകുള്‍ വാസ്‌നിക്കിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സാധ്യത
സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കിന് അനുകൂലനിലപാട് സ്വീകരിച്ചെന്നാണ് വിവരം. ഇരുവര്‍ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്കിന്റെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇതില്‍ മുകുള്‍ വാസ്‌നിക്കിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കിന് അനുകൂലനിലപാട് സ്വീകരിച്ചെന്നാണ് വിവരം. ഇരുവര്‍ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇന്ന് നടക്കുന്ന പ്രവര്‍ത്തകസമിതിക്ക് മുന്നോടിയായി ചേരുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ചയുണ്ടാവും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്‍മാരുടെയും എഐസിസി ഭാരവാഹികളുടെയും എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ. രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവന്ന പശ്ചാത്തലത്തില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്.
അധ്യക്ഷനു പുറമെ ഉപാധ്യക്ഷന്‍മാരെയും പ്രവര്‍ത്തകസമിതി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് മുകുള്‍ വാസ്‌നിക്. 59 കാരനായ മുകുള്‍ വാസ്‌നിക് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയും തൊഴില്‍മന്ത്രിയുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ പാര്‍ട്ടിയില്‍ത്തന്നെ അസംതൃപ്തി പുകയുന്നതിനിടെയാണ് കോണ്‍ഗ്രസ് വീണ്ടും പ്രവര്‍ത്തകസമിതി യോഗം വിളിച്ചത്.