മോദി രാജ്യത്തെ വിഭജിച്ചു; കാര്‍ഷിക പ്രതിസന്ധിയും അഴിമതിയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും: രാഹുല്‍ ഗാന്ധി

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ സാമ്പത്തികഘടനയെ തകിടം മറിച്ച ബിജെപിയാണ് ഏറ്റവും വലിയ ദേശവിരുദ്ധരെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു വിഷയങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിക്കുക.

Update: 2019-04-17 05:06 GMT

കണ്ണൂര്‍/കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ സാമ്പത്തികഘടനയെ തകിടം മറിച്ച ബിജെപിയാണ് ഏറ്റവും വലിയ ദേശവിരുദ്ധരെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു വിഷയങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിക്കുക. കാര്‍ഷിക പ്രതിസന്ധിയും അഴിമതിയും സാമ്പത്തിക മേഖലയുടെ തകര്‍ച്ചയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.

വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതും തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളാവും. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതൊന്നും മനസ്സിലാവില്ല. മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫേല്‍ കരാറിനുള്ള യോഗ്യത. എന്നാല്‍, റഫാലില്‍ മോദിക്കെതിരായ പരാമര്‍ശത്തില്‍ സുപ്രിംകോടതി നോട്ടീസുമായി ബന്ധപ്പെട്ട ചോദ്യത്തിനു വിഷയം പഠിച്ചുവരികയാണെന്നായിരുന്നു രാഹുലിന്റെ മറുപടി. സിപിഎമ്മിനെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും അക്രമരാഷ്ട്രീയത്തിനെതിരാണ് കോണ്‍ഗ്രസന്ന് രാഹുല്‍ പറഞ്ഞു.

കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലത്തിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത രാഹുല്‍ വയനാട്ടിലെ പ്രചാരണത്തിന്റെ ഭാഗമായി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയില്‍ ക്ഷേത്രദര്‍ശനം നടത്താനെത്തി. പാപനാശിനിയില്‍ ബലിതര്‍പ്പണത്തിനായാണ് രാഹുല്‍ ഇവിടെ എത്തിയത്. തിരുനെല്ലി ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തയ്യാറാക്കിയ ഹെലിപാഡില്‍ ഇറങ്ങിയശേഷമാണ് രാഹുല്‍ ക്ഷേത്രത്തിലേക്ക് തിരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും ഒപ്പമുണ്ട്. അരമണിക്കൂറോളം രാഹുല്‍ ഗാന്ധി ഇവിടെ ചെലവഴിക്കും. 

Tags:    

Similar News