വായുമലിനീകരണം: 2017ല്‍ മാത്രം രാജ്യത്ത് കൊല്ലപ്പെട്ടത് 12 ലക്ഷം ആളുകള്‍

വായു മലിനീകരണം മൂലം കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇന്ത്യയും ചൈനയമാണ് ആദ്യ സ്ഥാനങ്ങളില്‍

Update: 2019-04-03 13:03 GMT

ന്യൂഡല്‍ഹി: വായു മലിനീകരണത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന റിപോര്‍ട്ട് പുറത്ത്. അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പഠനം നടത്തുന്ന, ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഫക്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനമാണ് ഞെട്ടിക്കുന്ന റിപോര്‍ട്ടു പുറത്തു വിട്ടത്. വായു മലിനീകരണം മൂലം കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇന്ത്യയും ചൈനയമാണ് ആദ്യ സ്ഥാനങ്ങളില്‍. 2017ല്‍ വായുമലിനീകരണം മൂലം ഇന്ത്യയില്‍ മാത്രം കൊല്ലപ്പെട്ടത് 12 ലക്ഷം ആളുകളാണെന്നു റിപോര്‍ട്ടു വ്യക്തമാക്കുന്നു. ഇതേ വര്‍ഷം ഏകദേശം ഇത്ര തന്നെ ആളുകള്‍ ചൈനയിലും മലിനവായു ശ്വസിച്ചു മരിച്ചു. വിഷലിപ്തമായ വായു സ്ഥിരമായി ശ്വസിച്ചതിനെ തുടര്‍ന്നു ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു കീഴ്‌പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. 2017ല്‍ ലോകത്താകമാനം ഇതേ കാരണത്താല്‍ കൊല്ലപ്പെട്ടവരില്‍ പകുതി പേരും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ്. പാകിസ്താന്‍, ഇന്തോനീസ്യ, ബംഗ്ലാദേശ്, നൈജീരിയ, യുഎസ്, റഷ്യ, ബ്രസീല്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കും ചൈനക്കും പിറകിലായി പട്ടികയിലുള്ളത്. ലോകത്തുടനീളം വാഹനാപകടങ്ങള്‍ മൂലം മരിക്കുന്നവരേക്കാള്‍ കൂടുതലാണ് വായു മലിനീകരണം മൂലം കൊല്ലപ്പെടുന്നതെന്ന കണക്കും റിപോര്‍ട്ടു വ്യക്തമാക്കുന്നു. സ്വിസ്റ്റര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യു എയര്‍ എയര്‍ വിഷ്വല്‍ എന്ന സംഘടന കഴിഞ്ഞ മാസം പുറത്തുവിട്ട റിപോര്‍ട്ടില്‍, ലോകത്തേറ്റവും അന്തരീക്ഷ മലിനീകരണമുള്ള രാജ്യതലസ്ഥാനം ഡല്‍ഹിയാണെന്നു വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News