മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചു; പുതുതായി 36 മന്ത്രിമാര്‍, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

വിദ്യാഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങളില്‍ അജിത് പവറിന് പുറമേ എന്‍സിപിയില്‍നിന്ന് 13 പേരും ശിവസേനയില്‍നിന്ന് 12 പേരും കോണ്‍ഗ്രസില്‍നിന്ന് 10 പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Update: 2019-12-30 09:28 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവിഘാസ് അഖാഡി സര്‍ക്കാരിന്റെ മന്ത്രിസഭ വിപുലീകരിച്ചു. 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിദ്യാഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങളില്‍ അജിത് പവറിന് പുറമേ എന്‍സിപിയില്‍നിന്ന് 13 പേരും ശിവസേനയില്‍നിന്ന് 12 പേരും കോണ്‍ഗ്രസില്‍നിന്ന് 10 പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉദ്ധവ് താക്കറയുടെ മകന്‍ ആദിത്യ താക്കറെയും മന്ത്രിസഭയിലുണ്ട്. നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയൊടൊപ്പം ആറ് കാബിനറ്റ് മന്ത്രിമാരാണ് അധികാരമേറ്റിരുന്നത്. മൂന്ന് പാര്‍ട്ടികളിലായി രണ്ട് മന്ത്രിമാര്‍ വീതമാണ് അന്ന് അധികാരമേറ്റത്.

ഒരുമാസത്തെ ഇടവേളയില്‍ രണ്ട് വ്യത്യസ്ത സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയാവുന്നുവെന്ന പ്രത്യേകതയും അജിത് പവാറിനുണ്ട്. നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പവും ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് ശേഷം പാര്‍ട്ടി നേതൃനിരയിലേക്ക് തിരിച്ചെത്തിയ അജിത് പവാര്‍ മഹാവികാസ് അഘാഡി സര്‍ക്കാരിലെ സുപ്രധാന പദവിയിലേക്കുമെത്തി. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോകന്‍ ചൗഹാനും മഹാവികാസ് അഘാഡി മന്ത്രിസഭയിലുണ്ട്. അതേസമയം, മുന്‍മുഖ്യമന്ത്രി പൃത്വിരാജ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആകെയുള്ള 36 മന്ത്രിമാരില്‍ 26 പേര്‍ക്കും കാബിനെറ്റ് പദവിയുണ്ട്. അശോക് ചവാന് പുറമേ കെസി പദ്‌വി, വിജയ് വഡേട്ടിവര്‍, അമിത് ദേശ്മുഖ്, സുനില്‍ കഡാര്‍, യശോമതി താക്കൂര്‍, വര്‍ഷ ഗെയക്ക്വാദ്, അസ്‌ലം സെയ്ക്ക്, സതേജ് പാട്ടീല്‍, വിശ്വജിത് കദം എന്നിവര്‍ കോണ്‍ഗ്രസില്‍നിന്നും ധനജ്ഞയ് മുണ്ടെ, നവാബ് മാലിക് തുടങ്ങിയവര്‍ എന്‍സിപിയില്‍നിന്നും മന്ത്രിസഭയിലെത്തി. 

Tags:    

Similar News