കള്ളപ്പണം വെളുപ്പിക്കല്‍: അജിത് പവാറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം

Update: 2020-10-18 02:41 GMT

മുംബൈ: മഹാരാഷ്ട്ര ജലവിതരണ വകുപ്പുമായി ബന്ധപ്പെട്ട 12 പദ്ധതികളിലെ അഴിമതി ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാനൊരുങ്ങുന്നു. വിദര്‍ഭ ഇറിഗേഷന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള 12 പദ്ധതികളിലാണ് അന്വേഷണം നടക്കുന്നത്.

വിദര്‍ഭ ഇറിഗേഷന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കൃഷ്ണ വാലി ഇറിഗേഷന്‍ പ്രൊജക്റ്റ്, കൊങ്കന്‍ ഇറിഗേഷന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ 1999-2009 കാലത്തെ പദ്ധതികളുമായി ബന്ധപ്പെട്ട ടെന്ററുകള്‍, ബില്ലുകള്‍, ഉത്തരവുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ജലവിതരണ വകുപ്പില്‍ നിന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ നീക്കം ഉപമുഖ്യമന്ത്രി അജിത് പവാറിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുമെന്നതുള്ളതാണ് ഇതിന്റെ രാഷ്ട്രീയപ്രധാന്യം. ക്രമക്കേട് നടന്ന 1999-2009 കാലത്ത് അജിത് പവാറാണ് ജലവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 2012 ലാണ് ക്രമക്കേട് കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ ആന്റി് കറപ്ഷന്‍ ബ്യൂറോ അജിത് പവാറിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. നവംബര്‍ 28ന് ഉദ്ദവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു ഒരു ദിവസം മുമ്പാണ് ആ്ന്റ് കറപ്ഷന്‍ ബ്യൂറൊ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ജലസംരക്ഷണ പദ്ധതിയായ ശിവാര്‍ അഭിയാനുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ പവാറിനെതിരേ അേന്വഷണം തുടങ്ങുന്നത്.

മഹാരാഷ്ട്ര സ്‌റ്റേറ്റ് കോപറേറ്റീവ് ബാങ്കിലെ 25,000 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുംബൈ പോലിസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ്ങ് പവാറിന് ക്ലീന്‍ചിറ്റ് നല്‍കി ദിവസങ്ങള്‍ക്കുളളിലാണ് പുതിയ അന്വേഷണം നടക്കുന്നത്. എക്കണോമിക് ഒഫന്‍സ് വിങ്ങ് നല്‍കിയ കേസവസാനിപ്പിക്കാനുളള അപേക്ഷയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആരോപിക്കപ്പെട്ട കേസ് ഒരു സിവില്‍ കേസാണെന്നാണ് ജലവകുപ്പിന്റെ പക്ഷം.

വിഷയവുമായി ബന്ധപ്പെട്ട് പവാര്‍ പ്രതികരിച്ചില്ല. നിലവില്‍ അദ്ദേഹം പ്രളയബാധിത പ്രദേശഹങ്ങളില്‍ സന്ദര്‍ശനത്തിലാണ്.

Tags:    

Similar News