അജിത് പവാറിനെതിരായ 70,000 കോടിയുടെ അഴിമതിക്കേസ് അവസാനിപ്പിച്ചു

അര്‍ധരാത്രി നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപിയെ പിന്തുണച്ച് ദേവേന്ദ്ര ഫഡ് നിവാസ് മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് നടപടി

Update: 2019-11-25 11:44 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണച്ചതിനു പിന്നാലെ എന്‍സിപി നേതാവ് അജിത് പവാറിനെതിരായ 70,000 കോടിയുടെ അഴിമതിക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചു. എന്‍സിപി നേതാവ് ശരത് പവാറിന്റെ അനന്തരവനായ അജിത് പവാറിനെതിരേ മതിയായ തെളിവുകളില്ലെന്നാണ് വ്യക്തമാക്കി അന്വേഷണസംഘം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. അര്‍ധരാത്രി നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപിയെ പിന്തുണച്ച് ദേവേന്ദ്ര ഫഡ് നിവാസ് മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് നടപടി. കേസില്‍ അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലാണ് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചത്.

    1999 മുതല്‍ 2014 വരെ അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നായിരുന്നു അജിത് പവാറിനെതിരായ കേസ്. മേഖലയിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു കേസ്.

    എന്നാല്‍, കേസില്‍ അജിത് പവാറിനെതിരേ യാതൊരു തെളിവുമില്ലെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ ഇപ്പോള്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളത്. അതേസമയം, അന്നത്തെ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരേ ബിജെപി ഉയര്‍ത്തിയ മുഖ്യപ്രചാരണായുധവും 70000 കോടിയുടെ ഇതേ അഴിമതിക്കേസ് തന്നെയായിരുന്നു.




Tags:    

Similar News