താല്‍ക്കാലിക സിബിഐ ഡയറക്ടറുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ അലോക് വര്‍മ റദ്ദാക്കി

ആരോപണങ്ങള്‍ പരിശോധിക്കുന്ന ഉന്നതാധികാര സമിതി തീരുമാനമാവാതെ പിരിഞ്ഞു

Update: 2019-01-09 17:30 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ അലോക് വര്‍മ ആദ്യം കൈക്കൊണ്ടത് ശ്രദ്ധേയമായ തീരുമാനം. താല്‍ക്കാലിക സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ അലോക് വര്‍മ പൂര്‍ണമായി റദ്ദാക്കി. പത്ത് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച സ്ഥലംമാറ്റ ഉത്തരവുകളാണ് അലോക് വര്‍മ റദ്ദാക്കിയിരിക്കുന്നത്. അതേസമയം, അലോക് വര്‍മയ്‌ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു. പരാതികള്‍ സെലക്ഷന്‍ കമ്മിറ്റി ഒരാഴ്ചയ്ക്കകം പരിശോധിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് യോഗം ചേര്‍ന്നത്. അലോക് വര്‍മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി) റിപോര്‍ട്ട് ഉന്നതാധികാര സമിതി പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രിംകോടതി ജഡ്ജി എ കെ സിക്രി, കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ റിപോര്‍ട്ട് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

അഴിമതി ആരോപണങ്ങള്‍ക്കെതിരേ വിശദീകരണം നല്‍കാന്‍ അലോക് വര്‍മയ്ക്ക് അവസരം നല്‍കണമെന്നും ഖാര്‍ഗെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. യോഗം അരമണിക്കൂറോളം നീണ്ടുനിന്നു. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനാല്‍ സമിതി വ്യാഴാഴ്ച വീണ്ടും യോഗം ചേരും. ചൊവ്വാഴ്ചയാണു സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കിയത്. എന്നാല്‍, നയപരമായി പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് കോടതി വര്‍മയ്ക്കു പദവി തിരികെ നല്‍കിയത്. ഈ മാസം 31 വരെയാണ് അലോക് വര്‍മയുടെ കാലാവധി.

Tags:    

Similar News