കൊവിഡ് കേസുകള്‍ ഉയരുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് വീണ്ടും കേന്ദ്രം

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ രാജ്യം ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, കൈശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള പെരുമാറ്റ രീതികല്‍ ആളുകള്‍ പിന്തുടരുന്നുവെന്ന് കര്‍ശനമായി ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയ്യാറാവണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

Update: 2021-03-20 09:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വീണ്ടും കത്തയച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ രാജ്യം ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, കൈശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള പെരുമാറ്റ രീതികല്‍ ആളുകള്‍ പിന്തുടരുന്നുവെന്ന് കര്‍ശനമായി ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയ്യാറാവണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെയും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പിന്തുടരണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വീണ്ടും കേന്ദ്രം കത്തയച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് തിരക്കേറിയ സ്ഥലങ്ങളില്‍ പെട്ടെന്നുള്ള വൈറസിന്റെ കുതിച്ചുചാട്ടത്തിന് കാരണമായതെന്ന് കേന്ദ്രം നിരീക്ഷിച്ചു. അഞ്ചുമാസമായി കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇത് പ്രധാനമായും അലസത മൂലമാണെന്നാണ് മനസ്സിലാവുന്നത്. പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ങളില്‍ കൊവിഡിനെതിരായ മുന്‍കരുതല്‍ പാലിക്കുന്നതിന്റെ കാര്യത്തില്‍- കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. വരാനിരിക്കുന്ന ആഘോഷപരിപാടികള്‍ കണക്കിലെടുത്ത് ഇനിയും കേസുകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

അഞ്ചുമാസങ്ങള്‍ക്ക് ശേഷം വൈറസ് കേസുകളുടെ എണ്ണം ഇന്ത്യയില്‍ പെട്ടെന്ന് വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഇന്ത്യയില്‍ 40,953 പുതിയ വൈറസ് ബാധിതരാണുണ്ടായത്. നവംബര്‍ 29ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന വര്‍ധനവാണിത്. ഇന്നലെ രാവിലത്തെ കണക്കുകള്‍പ്രകാരം 39,726 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ നാലുശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് 20,000 ലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടല്‍, പൊതുസമ്മേളനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, ലോക്ക് ഡൗ ണ്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Tags:    

Similar News