പൗരത്വ പട്ടികയിലൂടെ അമിത്ഷാ ലക്ഷ്യമിടുന്നത് മുസ്ലിംകളെയെന്ന് മഹ്മൂദ് മദനി
കൊല്‍ക്കത്തയില്‍ ഈ മാസം ആദ്യം അമിത് ഷാ നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ മാത്രം അസമിലെ തടങ്കല്‍ പാളയത്തിലേക്ക് അയക്കും എന്നാണ് അമിത് ഷായുടെ പ്രസംഗം സൂചിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആഹ്വാനം വിവേചനപരമാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്മൂദ് മദനി. ഇത് രാജ്യവിരുദ്ധ ശക്തികള്‍ക്ക് വടികൊടുക്കലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ ഈ മാസം ആദ്യം അമിത് ഷാ നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ മാത്രം അസമിലെ തടങ്കല്‍ പാളയത്തിലേക്ക് അയക്കും എന്നാണ് അമിത് ഷായുടെ പ്രസംഗം സൂചിപ്പിക്കുന്നത്.
എന്‍ആര്‍സി ഇന്ത്യ മുഴുവന്‍ നടപ്പാക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് മദനി പറഞ്ഞു. എന്നാല്‍, ആഭ്യന്തര മന്ത്രിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇത് മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നു എന്നാണ്. ഇത്തരമൊരു നിലപാട് ഇന്ത്യയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പും സൃഷ്ടിക്കും. മുസ്ലിംകളെക്കുറിച്ച് സംശയം ജനിപ്പിക്കാനും ഇത് ഇടയാക്കുമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസ്താവനയില്‍ അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്നും എന്നാല്‍, മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്നുമാണ് അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞത്.
ആഭ്യന്തര മന്ത്രിയുടെ പ്രസംഗം അനുചിതവും വിവേചനപരവുമാണെന്ന് മദനി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനയുടെ 14, 15 അനുഛേദങ്ങളുടെ ലംഘനമാണ്. യുഎന്‍ അംഗീകരിച്ച അന്താരാഷ്ര നിയമങ്ങള്‍ക്കും ഇത് എതിരാണ്.
മുസ്ലിംകളെ മാത്രമായിരിക്കും അസമിലെ തടങ്കല്‍ പാളയത്തില്‍ അടക്കുക എന്നാണ് വ്യക്തമാവുന്നത്. അങ്ങിനെ സംഭവിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് അത് മോശം പ്രതിഛായ സൃഷ്ടിക്കും. രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശത്രുക്കളുടെ കൈയില്‍ കൊടുക്കുന്ന വടിയായി അത് മാറുമന്നും മൗലാന മഹ്മൂദ് മദനി കൂട്ടിച്ചേര്‍ത്തു.