മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് പേര്‍ മരിച്ചു, 11 പേര്‍ക്ക് വെടിയേറ്റു

Update: 2023-09-08 14:55 GMT

ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷം നടക്കുന്ന മണിപ്പൂരിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിക്കുകയും 11 പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.തെങ്നൗപാല്‍ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിള്‍സും തമ്മിലാണ് ഏറ്റുമുട്ടിയത്. വ്യത്യസ്ത ഇടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അമ്പതോളം പേര്‍ക്ക് പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെങ്നൗപാല്‍ ജില്ലയിലെ പല്ലേല്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.ബുധനാഴ്ച ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ടോര്‍ബംഗിലെ ആളൊഴിഞ്ഞ വീടുകളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തി. ബാരിക്കേഡുകള്‍ ഭേദിച്ച് കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ഞഅഎ), അസം റൈഫിള്‍സ്, മണിപ്പൂര്‍ പോലിസ് എന്നിവരടങ്ങുന്ന സുരക്ഷാ സേന സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.


പ്രതിഷേധത്തിന് ഒരു ദിവസം മുമ്പ് മണിപ്പൂരിലെ അഞ്ച് താഴ്വര ജില്ലകളിലും സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മെയ് മൂന്നിന് മണിപ്പൂരില്‍ ആരംഭിച്ച വര്‍ഗീയ കലാപം ഇപ്പോഴും തുടരുകയാണ്. വര്‍ഗീയ കലാപത്തില്‍ ഇതുവരെ 162-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.





Tags:    

Similar News