ഷോപ്പിയാനില്‍ സായുധരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റ് കെഎഫ്എഫ്
ഭട്ടിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നതായി ഷോപിയാനിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റ് സായുധരുടെ വെടിയേറ്റ് മരിച്ചു.പൂരന്‍ ക്രിഷന്‍ ഭട്ട് എന്നയാളാണ് തെക്കന്‍ കശ്മീരിലെ ചൌധരി ഗുണ്ട് മേഖലയിലെ സ്വവസതിക്ക് സമീപം വെടിയേറ്റ് മരിച്ചത്. തിരഞ്ഞുപിടിച്ചുള്ള അക്രമമാണ് ശനിയാഴ്ച നടന്നതെന്നാണ് സംശയം. ഭട്ടിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നതായി ഷോപിയാനിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അധികം പുറത്തിറങ്ങുന്ന സ്വഭാവമുള്ള ആളല്ല ഭട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആക്രമണത്തില്‍ ഭയന്ന അവസ്ഥയിലാണെന്നും ബന്ധുക്കള്‍ പ്രതികരിക്കുന്നു. ഷോപിയാനില്‍ തന്നെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് മരിച്ച സുനില്‍ കുമാറെന്നയാളുടെ സഹേദരനും വെടിവയ്പില്‍ പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 16നായിരുന്നു ഈ അക്രമം.
സ്വാതന്ത്ര്യ ദിവസത്തോടനുബന്ധിച്ച് നടന്ന തിരംഗ റാലികളില്‍ സജീവമായി പങ്കെടുത്തിരുന്ന രണ്ട് പേര്‍ക്കെതിരെയാണ് അക്രമം ഉണ്ടായത്.
ഭട്ടിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെഎഫ്എഫ് (കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്‌സ്) ഏറ്റെടുത്തതായാണ് കശ്മീര്‍ ഡിഐജി സുജിത് കുമാര്‍ എഎന്‍ഐയോട് പ്രതികരിച്ചത്. ഭട്ടിനെ നേരെ മുന്‍പില്‍ വന്ന ഒരാള്‍ വെടി വയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാഷി മൊഴി അനുസരിച്ച് പോലിസ് പറയുന്നത്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി.