യുപിയില്‍ കൂടുമാറ്റം തുടരുന്നു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ പി എന്‍ സിങ് ബിജെപിയില്‍

Update: 2022-01-25 11:38 GMT

ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹ മന്ത്രിയുമായിരുന്ന ആര്‍ പി എന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധര്‍മേന്ദ്ര പ്രധാന്‍, അനുരാഗ് താക്കൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആര്‍ പി എന്‍ സിങ്ങിനൊപ്പം യുപിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചു. ട്വിറ്ററില്‍ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു 'പുതിയ തുടക്കത്തെക്കുറിച്ച്' അദ്ദേഹം ട്വീറ്റ് ചെയ്തു.

അംഗത്വം സ്വീകരിച്ച ശേഷം ബിജെപി നേതൃത്വത്തിന് ആര്‍ പി എന്‍ സിങ് നന്ദി പറഞ്ഞു. പലരും എന്നെ ബിജെപിയില്‍ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. കുറേനാള്‍ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. യു പിയില്‍ യോഗി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചെന്നും ആര്‍ പി എന്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. 32 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പക്ഷെ, പഴയ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി തിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്റെ കോട്ടയായ പദ്രൗണയില്‍നിന്ന് മല്‍സരിച്ചേക്കും. അവിടെ നിന്ന് മൂന്നുതവണ അദ്ദേഹം എംഎല്‍എയായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മല്‍സരിക്കാന്‍ തന്റെ കൂട്ടാളികള്‍ക്ക് ടിക്കറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി നേതൃത്വവുമായി ആര്‍ പി എന്‍ സിങ് സ്വരചേര്‍ച്ചയിലല്ലായിരുന്നുവെന്ന് ചില റിപോര്‍ട്ടുകള്‍ പറയുന്നു. ആര്‍ പി എന്‍ സിങ് പാര്‍ട്ടി വിടുന്നതില്‍ സന്തോഷമാണെന്ന് എംഎല്‍എ അംബ പ്രസാദ് പ്രതികരിച്ചു. എഐസിസി ജാര്‍ഖണ്ഡിന്റെ ചുമതല നല്‍കിയിരുന്നത് ആര്‍ പി എന്‍ സിങ്ങിനായിരുന്നു.'ശരത്കാലം വരുന്നതിന് അര്‍ഥം വസന്തകാലം വീണ്ടും വരുമെന്നായിരുന്നു യുപി കോണ്‍ഗ്രസിന്റെ പ്രതികരണം.

Tags:    

Similar News