പൗരത്വ നിയമഭേദഗതി: ജാമിഅ സമരം 20ാം ദിവസത്തിലേക്ക്; ജന്തര്‍മന്ദറില്‍ ഇന്ന് വനിതകളുടെ പ്രതിഷേധസംഗമം

വിവിധ ഇടത് വനിതാ സംഘടനകളും വനിതാ കൂട്ടായ്മകളുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം.

Update: 2019-12-31 03:01 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ സമരം ഇന്ന് 20ാം ദിവസത്തിലേക്ക് കടക്കും. ഇന്ത്യയെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിനുശേഷം ആദ്യമായി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ജാമിഅ മില്ലിയയില്‍നിന്നാണ്. വിദ്യാര്‍ഥികള്‍ ഒന്നടങ്കം നടത്തിയ സമരത്തിനെതിരേ പോലിസ് നടത്തിയ അതിക്രമം ലോകമെങ്ങും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. പോലിസിന്റെ ക്രൂരപീഡനങ്ങളുണ്ടായിട്ടും സമരത്തില്‍നിന്ന് പിന്‍മാറാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നില്ല. സമരവീര്യം അല്‍പംപോലും ചോരാതെ വിദ്യാര്‍ഥികള്‍ ഇപ്പോഴും പ്രക്ഷോഭരംഗത്തുതന്നെയാണുള്ളത്. തിങ്കളാഴ്ച ഡി രാജ ഉള്‍പ്പടെ സമരപ്പന്തലില്‍ എത്തി വിദ്യാര്‍ഥികളെ അഭിസംബോധനം ചെയ്തിരുന്നു.

സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായെത്തുന്നത്. പുതുവര്‍ഷത്തിന്റെ ഭാഗമായി രാത്രി കാംപസിനകത്ത് സാംസ്‌കാരിക പരിപാടികള്‍ നടത്തും. അതേസമയം, പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയെന്നോണം ഇന്ന് രാവിലെ 11 മണിക്ക് ജന്തര്‍മന്ദറില്‍ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം സംഘടിപ്പിക്കും. വിവിധ ഇടത് വനിതാ സംഘടനകളും വനിതാ കൂട്ടായ്മകളുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ഥികളും സിഎഎ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നവരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും. അതിനിടെ, ഷഹീന്‍ ബാഗില്‍ വനിതകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തുന്ന റോഡുപരോധിച്ചുള്ള സമരം 16ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.  

Tags:    

Similar News