ടൂള്‍ കിറ്റ് കേസ്: ദിഷ രവിക്ക് മാതാപിതാക്കളെയും അഭിഭാഷകനെയും കാണാന്‍ കോടതിയുടെ അനുമതി

കസ്റ്റഡിയില്‍ കഴിയുന്ന ദിഷയ്ക്ക് കമ്പിളി ഉടുപ്പുകള്‍ ഉള്‍പ്പടെ പുതിയ വസ്ത്രങ്ങള്‍, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, പുസ്തകങ്ങള്‍ എന്നിവ നല്‍കുന്നതിന് കോടതി അനുമതി നല്‍കി. ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ഞായറാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Update: 2021-02-16 16:43 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചുള്ള വിവാദ ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബംഗളൂരുവില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് അഭിഭാഷകനുമായും മാതാപിതാക്കളുമായും ദിവസേന കൂടിക്കാഴ്ച നടത്തുന്നതിന് കോടതി അനുമതി നല്‍കി. കസ്റ്റഡിയില്‍ കഴിയുന്ന ദിഷയ്ക്ക് കമ്പിളി ഉടുപ്പുകള്‍ ഉള്‍പ്പടെ പുതിയ വസ്ത്രങ്ങള്‍, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, പുസ്തകങ്ങള്‍ എന്നിവ നല്‍കുന്നതിന് കോടതി അനുമതി നല്‍കി. ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ഞായറാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കോടതിയില്‍ അന്ന് അഭിഭാഷകന്റെ സഹായവും ദിഷയ്ക്കു ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദിഷയുടെ അഭിഭാഷകന്‍ അഭിനവ് ഷെഖാരി നല്‍കിയ ഹരജിയിലാണ് പുതിയ ഉത്തരവ്. ദിവസേന അഭിഭാഷകനുമായി അരമണിക്കൂറും കുടുംബാംഗങ്ങളുമായി 15 മിനിറ്റും കൂടിക്കാഴ്ച നടത്താമെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ വ്യക്തമാക്കി. കേസിലെ എഫ്‌ഐആറും റിമാന്‍ഡ് അപേക്ഷയും അറസ്റ്റ് മെമ്മോയും പരിശോധിച്ചശേഷമാണ് കോടതിയുടെ നടപടി.

കര്‍ഷക സമരത്തെ പിന്‍തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിഷ രവി ഉള്‍പ്പടെയുള്ളവരാണെന്നാരോപിച്ചാണ് ഡല്‍ഹി പോലിസ് 22കാരിയായ യുവ പരിസ്ഥിതി പ്രവര്‍ത്തകയെ അറസ്റ്റുചെയ്തത്. ഇന്ത്യന്‍ സര്‍ക്കാരിനെതിരേ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ യുദ്ധം നടത്തിയെന്നും ഖാലിസ്ഥാന്‍ അനുകൂലികളാണ് ടൂള്‍കിറ്റ് പ്രതിഷേധത്തിന് പിന്നിലെന്നുമാണ് ഡല്‍ഹി പോലിസിന്റെ സൈബര്‍ സെല്‍ എഫ്‌ഐആറില്‍ ആരോപിച്ചിരുന്നത്.

Tags:    

Similar News