അവള്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടേനെ; ഹിന്ദു പെണ്‍കുട്ടിയുടെ ധീരത രക്ഷിച്ചത് മുസ്‌ലിം കുടുംബത്തെ
വാനില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനം തിരിച്ചറിഞ്ഞ് ബൈക്കിലെത്തിയ സംഘമാണ് ഇവരെ മാരകായുധങ്ങളുമായി തടഞ്ഞത്. തുടര്‍ന്ന് സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. മര്‍ദിക്കാനായി വളഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാനില്‍ തന്നെ സഞ്ചരിക്കുകയായിരുന്ന പൂജ ഇറങ്ങിവരികയായിരുന്നു.
അലിഗഡ്: രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തോടെ സംഘര്‍ഷഭരിതമായ അലിഗഡില്‍ നിന്നും മതസൗഹാര്‍ദ്ദത്തിന്റെ ഒരു വാര്‍ത്ത. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നതിനിടെ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ ധീരമായ ഇടപെടലാണ് മുസ്‌ലിം കുടുംബത്തിന് ജീവന്‍ തിരിച്ചു നല്‍കിയിരിക്കുന്നത്.
സംഭവം നടന്നതിങ്ങനെ; അലിഗഡില്‍ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നത് അറിയാതെയാണ് ഹരിയാനയിലെ മുസ്‌ലിം കുടുംബം ഒരു കല്ല്യാണ നിശ്ചയത്തിനായി പ്രദേശത്ത് എത്തിയത്. ഇവരുടെ കൂടെ കുടുംബസുഹൃത്ത് കൂടിയായ 24കാരിയായ പൂജ ചൗഹാനുമുണ്ടായിരുന്നു. അലിഗഡില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായ ജട്ടാരിയില്‍ വച്ചാണ് മുസ്‌ലിം കുടുംബത്തെ ഹിന്ദുത്വര്‍ വളഞ്ഞത്. വാനില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനം തിരിച്ചറിഞ്ഞ് ബൈക്കിലെത്തിയ സംഘമാണ് ഇവരെ മാരകായുധങ്ങളുമായി തടഞ്ഞത്. തുടര്‍ന്ന് സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. മര്‍ദിക്കാനായി വളഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാനില്‍ തന്നെ സഞ്ചരിക്കുകയായിരുന്ന പൂജ ഇറങ്ങിവരികയായിരുന്നു.
ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട വാനിലെ ഷാഫി മുഹമ്മദ് അബ്ബാസി പറയുന്നതിങ്ങനെ;
മുഖാവരണം ധരിച്ച സ്ത്രീകള്‍ വാഹനത്തിലുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ് അവര്‍ തങ്ങളെ ആക്രമിച്ചത്. കാവിത്തുണി ധരിച്ചവരായിരുന്നു അവര്‍. എന്നാല്‍ സമയോചിതമായി ഇടപെട്ട പൂജ അവരോട് ഇങ്ങനെ പറഞ്ഞു. എന്തിനാണു നിങ്ങള്‍ പാവങ്ങള്‍ക്കുനേരെ നിങ്ങളുടെ ദേഷ്യം കാണിക്കുന്നത്. ഞങ്ങളെല്ലാവരും രണ്ടരവയസ്സായ ആ കുട്ടിയുടെ മരണത്തില്‍ ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. തര്‍ക്കം തുടരവെ പൂജ അക്രമികള്‍ക്ക് വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇതുകേട്ട അക്രമികളിലൊരാള്‍ തങ്ങള്‍ക്കു താക്കോല്‍ തിരികെനല്‍കി പെട്ടെന്ന് ഓടിപ്പൊയ്‌ക്കോളാന്‍ പറയുകയായിരുന്നു. ഷാഫി തുടരുന്നു. പിന്നീട് അവിടെനിന്ന് ഓടിയ ഞങ്ങള്‍ എങ്ങനെയോ അലിഗഡില്‍ എത്തിച്ചേരുകയായിരുന്നു. അക്രമത്തില്‍ െ്രെഡവറുടെ കൈകള്‍ക്കു കാര്യമായ പരിക്കേറ്റു. അതിനിടെ പെണ്‍കുട്ടിയുടെ ധീരതയെ പുകഴ്ത്തി അലിഗഡ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഹാജി സമീറുള്ള ഖാന്‍ രംഗത്തെത്തി. രാജ്യത്തെ ഓരോ പൗരനും മാതൃകയാണ് പൂജയെന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യത്വം കാണാന്‍ സാധിക്കാത്ത ഈ സമയത്ത് അവര്‍ അതിനൊപ്പം ധൈര്യപൂര്‍വം നിന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടരവയസ്സുകാരിയുടെ മരണത്തെ മുതലെടുത്ത് സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.